കൊച്ചി: ജി.സി.ഡി.എയുടെ നേതൃത്വത്തിൽ നടക്കുന്ന ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിന്റെ നവീകരണോദ്ഘാടനം ആഗസ്റ്റിൽ നടക്കും. നിർമ്മാണ പ്രവ‌ർത്തനങ്ങൾ ഈ മാസം അവസാനിക്കുമെന്നും നിറുത്തി വച്ചിരിക്കുന്ന പാ‌ർക്കിലെ സാംസ്കാരിക പരിപാടികൾ ജൂലായിൽ പുനരാരംഭിക്കുമെന്നും അധി​കൃതർ അറി​യിച്ചു.

ഓഡിറ്റോറിയം നിർമ്മാണമാണ് നി​ലവി​ൽ നടക്കുന്നത്. സുരക്ഷാപ്രശ്നങ്ങൾ മുൻനിറുത്തിയാണ് സാംസ്കാരിക പരിപാടികൾ താത്കാലികമായി നിറുത്തി വച്ചത്. ചെറിയ പരിപാടികൾ ദിവസവും ഓഫീസ് മന്ദിരത്തോട് ചേർന്ന ചെറിയ സ്റ്റേജിൽ നടക്കുന്നുണ്ട്. ആഗസ്റ്റി​ൽ കലാ, സാംസ്കാരിക പരിപാടികളോടെ വിപുലമായ ഉദ്ഘാടന ചടങ്ങുണ്ടാകും.

മഴക്കാലത്ത് വെള്ളക്കെട്ട് പരിഹരിക്കുന്നതിനൊപ്പം നടപ്പാതകൾ മോടി പിടിപ്പിക്കും. ഓഡിറ്റോറിയത്തിന്റെ പൊക്കം കൂട്ടി സ്റ്റേജ് നവീകരിച്ചു. പുറത്തുനിന്നുള്ള ശബ്ദം അകത്തേക്ക് കേൾക്കാതിരിക്കാനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. പാർക്കിന്റെ നടത്തിപ്പ് ചുമതല ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രത്തിനാണ്. നിലവിലെ സ്റ്റേജുകൾ നവീകരിക്കുന്നതിനൊപ്പം പുതിയ സ്റ്റേജും നിർമ്മിക്കുന്നുണ്ട്. 30 പേർക്ക് ഇരിക്കാവുന്നതാണ് പുതിയ സ്റ്റേജ്. കുട്ടികളുടെ പരിപാടികളടക്കം പഴയ ഫൗണ്ടനോട് ചേർന്ന ഇവിടെ നടത്താം.

ഒപ്പം കുട്ടികൾക്കുള്ള കളിസ്ഥലങ്ങളുമുണ്ടാകും. കഴിഞ്ഞ സെപ്തംബറിലാണ് നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. പാർക്കിൽ പരിപാടികൾ നടത്താനുള്ള നിരക്കിൽ മാറ്റം ഉണ്ടാവില്ല.

ചങ്ങമ്പുഴ സമാധി

ചങ്ങമ്പുഴ സമാധി പുനരുദ്ധാരണ പ്രവർത്തനങ്ങളും ഉടൻ ആരംഭിക്കും. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ഉള്ളതിനാലാണ് ഇത് വൈകിയത്. ഡിസൈൻ ഉടൻ തയ്യാറാകും. ഒരു മാസത്തിനുള്ളിൽ ടെൻഡർ നടപടികളിലേക്ക് കടക്കുമെന്ന് ജി.സി.ഡി.എ അധികൃതർ അറിയിച്ചു.

ചങ്ങമ്പുഴയെ അനുഭവിച്ചറിയാൻ സാധിക്കുന്ന തരത്തിൽ സിഹെഡുമായി സഹകരിച്ച് നവീകരിക്കാനാണ് ലക്ഷ്യം. ചങ്ങമ്പുഴയുമായി ബന്ധപ്പെട്ട ചരിത്രങ്ങൾ മനസിലാക്കാൻ സംവിധാനമുണ്ടാകും. 25 ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. ആവശ്യമെങ്കിൽ തുക കൂടുതൽ അനുവദിക്കും.

.....................................

3.5

ചങ്ങമ്പുഴപാ‌ർക്ക് പദ്ധതി ചെലവ് 3.5 കോടി

25

ചങ്ങമ്പുഴ സമാധി ചെലവ് 25 ലക്ഷം