അങ്കമാലി: മഴക്കാല ശുചീകരണത്തിന്റെ മറവിൽ ലക്ഷങ്ങൾ കൊള്ളയടിക്കുന്നുവെന്ന പരാതി ശക്തമാകുന്നു. മുല്ലശ്ശേരി പാലം മുതൽ മധുരപ്പുറം പാലം വരെ വൃത്തിയാക്കാൻ പത്തു ലക്ഷത്തിലേറെ രൂപയാണ് ഇറിഗേഷൻ വകുപ്പ് ചെലവാക്കുന്നത്. തോട്ടിൽ അടിഞ്ഞ് കൂടിയിട്ടുള്ള പായലും മറ്റ് ജലസസ്യങ്ങളും നീക്കം ചെയ്യുന്നതിനാണ് ഈ തുക അനുവദിച്ചിട്ടുള്ളത്. ജെ.സി.ബി ഉപയോഗിച്ച് പായലും വള്ളി ചെടികളും തോടിന്റെ വശങ്ങളിൽ കോരിവയ്ക്കുകയാണ്. രണ്ടോ മൂന്നോ ദിവസം അടുപ്പിച്ച് മഴ പെയ്താൽ ഈ തോട് കവിയുകയും കരയിൽ കോരിവച്ച മുഴുവൻ ജലസസ്യ മാലിന്യങ്ങളും താഴെയുള്ള നാലഞ്ചു പാലങ്ങളുടെ കാലുകളിൽ ചുറ്റിപ്പിടിക്കുകയും ചെയ്യും. ഇതോടെ തോട്ടിലൂടെ ഒഴുകി വരുന്ന മറ്റ് വസ്തുക്കളെ മുഴുവൻ ഇത് തടഞ്ഞ് വച്ച് വ്യാപകമായ വെള്ളക്കെട്ട് ഉണ്ടാക്കുമെന്ന് ഉറപ്പാണ്. തോട്ടിൽ നിന്ന് മാറ്റുന്ന മുഴുവൻ പായലും ജലസസ്യങ്ങളും മറ്റ് മാലിന്യങ്ങളും ദൂരെ മറ്റൊരിടത്തേക്ക് മാറ്റി നശിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഉദ്യോഗസ്ഥരും കരാറുകാരനുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് പരിശോധിക്കണം. ഇതുമായി ബന്ധപ്പെട്ട് വകുപ്പ് മന്ത്രി, കളക്ടർ, വിജിലൻസ് എന്നിവർക്ക് പരാതികൾ നൽകിയിട്ടുണ്ട്.
ജെയ്സൺ പാനികുളങ്ങര
പരിസ്ഥിതി പ്രവർത്തകൻ