
ആലുവ: ഞായറാഴ്ച്ച വൈകുന്നേരങ്ങളിൽ ആലുവ ആശാൻ ലൈനിലെ ഒഴിഞ്ഞു കിടക്കുന്ന പറമ്പിൽ കൂട്ടച്ചിരിയുയരും. ചെറുചിരി പൊട്ടിച്ചിരിയായി മാറുമ്പോൾ കണ്ടുനിൽക്കുന്നവരുടെ ചുണ്ടിലും വിരിയും ഒരു ചിരി. ആലുവ ലിറ്റിൽ ഫ്ളവർ ആൻഡ് ആശാൻ ലൈൻ റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എം.എൻ ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ തുടങ്ങിയ ചിരിക്ലബ് പ്രദേശത്ത് ചർച്ചാവിഷയമാവുകയാണ്. കഴിഞ്ഞ ജനുവരിയിലാണ് അസോസിയേഷൻ അംഗങ്ങൾക്ക് വേണ്ടി ചിരി ക്ലബ്ബ് തുടങ്ങിയത്. കേട്ടറിഞ്ഞ് സമീപ പ്രദേശങ്ങളിലുള്ളവരും അംഗത്വമെടുക്കാൻ എത്തി. ഇപ്പോൾ പത്താംക്ലാസുകാരി മുതൽ എഴുപതുകാരൻ വരെ 75ഓളം അംഗങ്ങൾ.
ഞായറാഴ്ചകളിൽ വൈകിട്ട് 4 മുതൽ 5 വരെ ഒഴിഞ്ഞു കിടക്കുന്ന പറമ്പിൽ ഇവർ ഒത്തുകൂടും. ചെറിയ കഥകൾ പറഞ്ഞും നർമ്മം കലർന്ന ചോദ്യശരങ്ങൾ എറിഞ്ഞും ചിരിക്ക് തുടക്കമിടും. പിന്നീട് ഹോ ഹോ, ഹഹഹാ എന്നിങ്ങനെ ഉണ്ടാക്കിച്ചിരിയിലൂടെ നിലയ്ക്കാത്ത പൊട്ടിച്ചിരിയിലേക്ക്. പ്രായഭേദമന്യേ സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ ചിരിച്ചും ചിന്തിപ്പിച്ചുമാണ് ചിരി ക്ളബിന്റെ പ്രയാണം. വെറുതെയങ്ങ് ചിരിക്കുകയല്ല. ചിരിയിലൂടെ ആരോഗ്യം എന്നതാണ് മുദ്രവാക്യം. അതിനായി മുഖ്യപരിശീലകൻ എം.എൻ. ചന്ദ്രശേഖരനും സഹായിയായി പാലിയേറ്റീവ് കെയർ നേഴ്സ് സിനിമോളുമുണ്ട്. കൂടെ അസോ. ഭാരവാഹികളായ തോമസ് പോൾ, ജോ ജേക്കബ്, പോൾ കെ. ജോർജ്, സലിം ചേറാട്ട്, രജീന്ദ്രൻ, അനിൽ വിദ്യാധരൻ, അജയൻ വൈകാട്ടിൽ, മുഹിയുദ്ദീൻ, ഓമന ഹരി, ഹേമ രാജീവ്, ആബിദ എന്നിവരും.
ആലുവ നഗരസഭ ചെയർമാൻ എം.ഒ. ജോൺ ആണ് ചിരിക്ലബ് ഉദ്ഘാടനം ചെയ്തത്. ലിറ്റിൽ ഫ്ളവർ സെമിനാരി റെക്ടർ ഫാ. ടോമി ആലുങ്കൽ ആശീർവദിച്ചു. നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ ലത്തീഫ് പൂഴിത്തറ, ഫാസിൽ ഹുസൈൻ എന്നിവരും പങ്കെടുത്തു.
ചിരി ക്ളബ് പിറന്നവഴി
മഹാരാഷ്ട്ര സ്വദേശി ഡോ. മദൻ കട്ടാരിയയാണ് ലോകത്ത് ആദ്യമായി ചിരി ക്ളബുകൾക്ക് രൂപം നൽകിയത്. ലോകത്തിൽ 120 ഓളം രാജ്യങ്ങളിലായി 20,000 ത്തോളം ചിരി ക്ലബ്ബുകളുണ്ട്. കേരളത്തിലും നിരവധി ചിരി ക്ളബുകളുണ്ട്. കലൂർ സ്റ്റേഡിയത്തിൽ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, സുനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിലും ചിരി ക്ലബുണ്ട്.