മരട്: വാർദ്ധക്യ സഹജമായ അസുഖം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും താത്കാലിക അവധിയെടുത്തു കപ്പത്തോട്ടത്തിലെ വിളവെടുക്കാൻ പത്മനാഭനെത്തി. നാട്ടുകാർ പപ്പൻ ചേട്ടൻ എന്ന് വിളിക്കുന്ന .കെ. പത്മനാഭൻ മരട് നഗരസഭയിലെ കഴിഞ്ഞ വർഷത്തെ കർഷക രത്നം പുരസ്കാര ജേതാവാണ്. വാർദ്ധക്യസഹജമായ അനാരോഗ്യത്തിലും കൃഷിയിൽ ജേതാവ് തന്നെ.
കഴിഞ്ഞ ദിവസങ്ങളിൽ തകർത്ത് പെയ്ത മഴയത്ത് കൂട്ടുകൃഷിയായി ചെയ്ത പല വിളകളും നശിച്ചെങ്കിലും പെട്ടെന്ന് ചീഞ്ഞുപോകുന്ന കപ്പകൃഷിയ്ക്ക് യാതൊരു കോട്ടവും തട്ടിയിരുന്നില്ല. പാട്ടത്തിന് എടുത്ത ഭൂമിയിൽ സഹായിയായ ടോമിയോടൊപ്പം പപ്പൻ ചേട്ടൻ നടത്തിയ കപ്പക്കൃഷി മേഘവിസ്ഫോടന മഴയേയും അതിജീവിച്ച് വിജയം വരിച്ചുവെന്ന് വിളവെടുപ്പ് ഉദ്ഘാടനം ചെയ്ത മരട് കൃഷി ഓഫീസർ അഞ്ജലി ഭദ്രവിജയ് പറഞ്ഞു. കൗൺസിലർ സി.ടി. സുരേഷ്, മരട് സഹ. ബാങ്ക് വൈസ് പ്രസിഡന്റ് പി.ഡി. ശരത് ചന്ദ്രൻ, ഐ.ജി. ശിവജി എന്നിവർ പങ്കെടുത്തു.