നെടുമ്പാശേരി: ജലജീവൻ പദ്ധതിക്കായി വെട്ടിപ്പൊളിച്ച കുന്നുകര പഞ്ചായത്തിലെ പി.ഡബ്ല്യു.ഡി റോഡുകൾ സഞ്ചാരയോഗ്യമാക്കുന്നതിൽ സ്ഥലം എം.എൽ.എകൂടിയായ മന്ത്രി പി. രാജീവും കുന്നുകര ഗ്രാമപഞ്ചായത്തും തമ്മിൽ വാദപ്രതിവാദം.
റോഡ് പുനരുദ്ധാരണം വൈകുന്നതുമായി ബന്ധപ്പെട്ട് മന്ത്രി അസത്യപ്രചരണം നടത്തുകയാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈന ബാബു, വൈസ് പ്രസിഡന്റ് എം.എ. അബ്ദുൾ ജബ്ബാർ, യു.ഡി.എഫ് മണ്ഡലം ചെയർമാൻ ആർ. അനിൽ, കൺവീനർ ഇ.എം. സബാദ് എന്നിവർ ആരോപിച്ചു. പി.ഡബ്ല്യു.ഡി വാക്കുപാലിക്കാത്തതിനെതിരെ പഞ്ചായത്തംഗം ജിജി സൈമൺ നടത്തിയ ഉപവാസ സമരത്തെ തുടർന്ന് അറ്റകുറ്റപ്പണി പുനരാരംഭിക്കേണ്ടി വന്നതിന്റെ ജാള്യത മറയ്ക്കാനാണ് മന്ത്രിയുടെ ശ്രമമെന്നാണ് ഇവരുടെ ആക്ഷേപം.പൊളിക്കുന്ന റോഡുകൾ പൂർവസ്ഥിതിയിലാക്കുമെന്ന് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ ഉറപ്പു നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പൈപ്പിടാൻ പഞ്ചായത്ത് അനുമതി നൽകിയത്. ഇതിനായി പഞ്ചായത്ത് ഫണ്ട് ചെലവഴിക്കാൻ കഴിയില്ലെന്നും വ്യക്തമാക്കിയിരുന്നു.
ജലജീവൻ പദ്ധതിക്കായി വെട്ടിപ്പൊളിച്ച പഞ്ചായത്തിലെ 90 ശതമാനം റോഡുകളും ഒന്നര വർഷത്തോളമായി തകർന്ന് കിടക്കുകയാണ്. റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ബന്ധപ്പെട്ട അധികാരികളോട് നിരന്തരം ആവശ്യപ്പെട്ടിട്ടും നടപടിയില്ലാത്തതിനെ തുടർന്നാണ് സമരം ആരംഭിച്ചത്. കോൺഗ്രസ് നേതാക്കളും ജനപ്രതിനിധികളും ജലജീവൻ ഓഫീസിലെത്തി നൽകിയ പരാതിയെ തുടർന്ന് ഒരാഴ്ചയ്ക്കകം നടപടി ഉണ്ടാകുമെന്ന ഉറപ്പും പാലിക്കപ്പെട്ടില്ല. ജലജീവൻ പദ്ധതിക്കായി പൈപ്പുകൾ സ്ഥാപിച്ച റോഡുകൾ പൂർവസ്ഥിതിയിലാക്കാൻ പഞ്ചായത്ത് വിഹിതം ചെലവഴിക്കണമെന്ന മന്ത്രിയുടെ വാദം വാസ്തവവിരുദ്ധം.
സൈന ബാബു
കുന്നുകര പഞ്ചായത്ത് പ്രസിഡന്റ്.
പദ്ധതിക്കായി പൊളിച്ച റോഡുകൾ നന്നാക്കേണ്ടത് പഞ്ചായത്ത് ഭരണസമിതിയുടെ ഉത്തരവാദിത്തമാണെന്ന മന്ത്രിയുടെ പ്രസ്താവന അപഹാസ്യമാണെന്ന് യു.ഡി.എഫ് നേതാക്കൾ. ഇതിനിടയിലും പൈപ്പിടാൻ വെട്ടിപ്പൊളിച്ച ഏതാനും റോഡുകൾ പഞ്ചായത്ത് പുനർനിർമ്മിച്ചു. കാലാവസ്ഥ അനുകൂലമായാൽ അടിയന്തരമായി റോഡിന്റെ പുനർനിർമ്മാണം പൂർത്തിയാക്കിയില്ലെങ്കിൽ മന്ത്രിയുടെ ഓഫീസിലേക്ക് മാർച്ച് ചെയ്യുന്നതുൾപ്പെടെ സമരം ശക്തമാക്കുമെന്നും യു.ഡി.എഫ് നേതാക്കൾ.