ksrtc
മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ മാത്യു കുഴൽനാടൻ എം.എൽ.എയും ഉദ്യോഗസ്ഥരും സന്ദർശിക്കുന്നു

മൂവാറ്റുപുഴ: മുടങ്ങിക്കിടക്കുന്ന കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കുമെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ പറഞ്ഞു. കെ.എസ്.ആർ.ടി.സിയുടെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി മാത്യു കുഴൽനാടൻ എം.എൽ.എ നിരന്തരം സർക്കാരിൽ സമ്മർദ്ദം ചെലുത്തിയിരുന്നു. കെ.എസ്.ആർ.ടി.സി എം.ഡി അടക്കം നിരവധി ഉന്നത ഉദ്യോഗസ്ഥർ സ്റ്റാൻഡിൽ പരിശോധന നടത്തിയെങ്കിലും നിർമ്മാണ പ്രവർത്തനങ്ങളിൽ തീരുമാനമായില്ല. കെ.എസ്.ആർ.ടി.സിയുടെ ശോചനീയാവസ്ഥ പരിശോധിക്കാൻ ഉന്നത ഉദ്യോഗസ്ഥരും പൊതുമരാമത്ത് വിഭാഗം ഉദ്യോഗസ്ഥരും ഇന്നലെ സ്ഥലം സന്ദർശിച്ചു. തുടർന്ന് നടത്തിയ ഉന്നതതല യോഗത്തിലാണ് സ്റ്റാൻഡ് നിർമ്മാണംഅടിയന്തരമായി പൂർത്തിയാക്കാൻ തീരുമാനിച്ചത്. യോഗത്തിൽ മാത്യു കുഴൽനാടൻ എം.എൽ.എ നഗരസഭ ചെയർമാൻ പി.പി എൽദോസ്, കെ.എസ്.ആർ.ടി.സി ജനറൽ മാനേജർ ജോഷോ ബെന്നറ്റ്, സീനിയർ ആർക്കിടെക്ട് സി.പി ബാലമുരുകൻ, പി.ഡബ്ല്യു.ഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ ജോസി മോൾ ജോഷ്വ, മറ്റ് വിവിധ വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു.

ആദ്യം പൂർത്തിയാക്കുക പൊതുജനങ്ങൾക്ക് ആവശ്യമുള്ള അടിസ്ഥാന സൗകര്യങ്ങൾ ശൗചാലയങ്ങളുടെ അവശേഷിക്കുന്ന നിർമ്മാണ പ്രവർത്തികളും ഉടൻ തന്നെ പൂർത്തിയാക്കും ഫണ്ട് ലഭ്യത കുറവ് ചൂണ്ടിക്കാട്ടി നിർമ്മാണ പ്രവർത്തനങ്ങൾ വൈകുകയും യാത്രക്കാർ ദുരിതത്തിൽ ആവുകയും ചെയ്തതോടെയാണ് ആസ്തി വികസന ഫണ്ടിൽ നിന്നും പണം ഉപയോഗിക്കാനുള്ള തീരുമാനം. നിർമ്മാണത്തിന് മേൽനോട്ടം നടത്തുക പി.ഡബ്ല്യു.ഡി ബിൽഡിംഗ് വിഭാഗം.

എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ചെലവഴിക്കുക 4.5 കോടി രൂപ