two-wheeler
ആലുവ മെട്രോ സ്റ്റേഷന് മുമ്പിൽ ഇരുചക്ര വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്തിരിക്കുന്നു

ആലുവ: യൂബർ ഓട്ടോ ഡ്രൈവറെ ക്രൂരമായി മർദ്ദിച്ച സംഭവം വിവാദമായതിനെ തുടർന്ന് ആലുവ മെട്രോ സ്റ്റേഷന് മുമ്പിലെ അനധികൃത ഓട്ടോറിക്ഷ സ്റ്റാൻഡ് ഇന്നലെ പൊലീസ് ഇടപെട്ട് ഒഴിപ്പിച്ചെങ്കിലും ഇതേസ്ഥലം കയ്യടക്കി ഇരുചക്ര വാഹനങ്ങൾ. കുന്നത്തേരി സ്വദേശിയായ യൂബർ ഓട്ടോ ഡ്രൈവറെ മെട്രോ സ്റ്റേഷന് മുമ്പിലെ മൂന്ന് ഓട്ടോറിക്ഷ ഡ്രൈവർമാർ ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതേതുടർന്നാണ് ഇന്നലെ മുതൽ മെട്രോ സ്റ്റേഷന് മുമ്പിലെ അനധികൃത സ്റ്റാൻഡ് നിരോധിക്കുകയും ഡ്യൂട്ടിക്ക് പൊലീസിനെ നിയോഗിക്കുകയും ചെയ്തത്. എന്നിട്ടും നോ പാർക്കിംഗ് ബോർഡിന് കീഴിൽ ഇരുചക്രവാഹനങ്ങൾ നിരയായി പാർക്ക് ചെയ്യുകയാണ്. മെട്രോ സ്റ്റേഷനിലേക്ക് വരുന്ന യാത്രക്കാരെ ഇറക്കുന്നതിനോ കയറ്റുന്നതിനോ മറ്റ് വാഹനങ്ങൾക്ക് നിർത്താൻ കഴിയാത്ത അവസ്ഥയിലും പൊലീസ് മൗനം പാലിക്കുകയാണ്.

പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ പെറ്റി ചുമത്തുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. പാർക്കിംഗ് തടയാതെ പെറ്റി ചുമത്തി പണം സമ്പാദിക്കാനാണ് പൊലീസ് ശ്രമിക്കുന്നുവെന്നും ആക്ഷേപമുണ്ട്. കൊച്ചി മെട്രോ ആരംഭിച്ചപ്പോൾ ഇവിടെ അനധികൃത പാർക്കിംഗും ഓട്ടോറിക്ഷ സ്റ്റാൻഡുകളും അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. മെട്രോയിൽ എറണാകുളത്തേക്ക് സ്ഥിരമായി ജോലിക്ക് പോകുന്നവരാണ് ഇരുചക്ര വാഹനങ്ങൾ പാർക്ക് ചെയ്യുന്നവരിൽ ഏറെയും. ഓട്ടോറിക്ഷകളാണെങ്കിൽ മേൽപ്പാലത്തിന് അടിയിൽ ആവശ്യത്തിലേറെ സ്ഥലം പാർക്കിംഗിനെന്ന പേരിൽ കെട്ടിത്തിരിച്ചെടുത്ത ശേഷമാണ് ഇവിടെയും പാർക്കിംഗിനായി എത്തുന്നത്.

ഓട്ടോ സ്റ്റാൻഡ് പുനരാരംഭിക്കാൻ

സമ്മർദ്ദവുമായി രാഷ്ട്രീയക്കാരും

പൊലീസ് തടഞ്ഞതോടെ ഓട്ടോറിക്ഷ സ്റ്റാൻഡ് പുനരാരംഭിക്കാൻ സമ്മർദ്ദവുമായി രാഷ്ട്രീയക്കാരും രംഗത്തെത്തിയിട്ടുണ്ട്. ഇന്നലെ ഡിവൈ.എസ്.പി മുതലുള്ള ഉദ്യോഗസ്ഥരെ ഇവർ നേരിട്ട് സന്ദർശിച്ച് സമ്മർദ്ദം ചെലുത്തിയെങ്കിലും പൊലീസ് വഴങ്ങിയിട്ടില്ല. വൈകുന്നേരങ്ങളിൽ ഗതാഗതകുരുക്ക് മൂലം വാഹനങ്ങൾ നിരങ്ങി നീങ്ങുന്ന അവസ്ഥയാണിവിടെ.