ആലുവ: ജലജീവൻ മിഷൻ പദ്ധതിക്കായി കുഴിയെടുത്തതിനെ തുടർന്ന് തകർന്ന പെരുമ്പാവൂർ ദേശസാത്കൃത റോഡ് സഞ്ചാരയോഗ്യമാക്കാത്ത സാഹചര്യത്തിൽ അപകടമുണ്ടായാൽ വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർക്കും കരാറുകാരനുമെതിരെ ഡിസാസ്റ്റർ മാനേജ്‌മെന്റ് നിയമപ്രകാരം കേസെടുക്കുമെന്ന് ജില്ലാ കളക്ടറുടെ മുന്നറിയിപ്പ്.

അൻവർ സാദത്ത് എം.എൽ.എയുടെ ആവശ്യപ്രകാരം ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന അവലോകന യോഗത്തിലാണ് കളക്ടർ മുന്നറിയിപ്പ് നൽകിയത്. വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരും കോൺട്രാക്ടറും നിരുത്തരപരമായാണ് വിഷയത്തിൽ ഇടപെടുന്നതെന്ന് അൻവർ സാദത്ത് എം.എൽ.എ ആരോപിച്ചു.

പൈപ്പ് സ്ഥാപിക്കാൻ കുഴിയെടുത്തതിനെ തുടർന്ന് തകർന്ന റോഡുകളുടെ അടിയന്തിരമായി ആരംഭിക്കാൻ വാട്ടർ അതോറിറ്റിക്ക് കളക്ടർ നിർദ്ദേശം നൽകി. രണ്ടു ദിവസം മഴ മാറിയാൽ റോഡിൽ 36 എം.എം മെറ്റൽ ഉപയോഗിച്ച് അറ്റകുറ്റപ്പണിയും ഒരാഴ്ച വെയിൽ കിട്ടിയാൽ ബി.എം.ബി.സി നിലവാരത്തിൽ ആദ്യ റൗണ്ട് ടാറിംഗും നടത്താമെന്ന് പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർ ഉറപ്പ് നൽകി.

സീപോർട്ട് - എയർപോർട്ട് റോഡ്, ചെങ്ങമനാട് പഞ്ചായത്തിലെ ഗ്യാസ് ഗോഡൗൺ വളവ് നിവർത്തൽ, പുറയാർ റെയിൽവേ ഓവർബ്രിഡ്ജ് എന്നീ പ്രവർത്തികളുടെ പുരോഗതിയും യോഗം വിലയിരുത്തി.

പിഡബ്ല്യുഡി എക്‌സിക്യൂട്ടീവ് എൻജിനിയർ തോമസ്, അസിസ്റ്റൻറ് എക്‌സിക്യൂട്ടീവ് എൻജിനിയർ മുഹമ്മദ് ബഷീർ, പി.ഡബ്ളിയു.ഡി അസി. എൻജിനിയർ ട്രീസ സെബാസ്റ്റ്യൻ, വാട്ടർ അതോറിറ്റി ആലുവ ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനിയർ പ്രിയദർശിനി ബിജു, ജലജീവൻ മിഷൻ പെരുമ്പാവൂർ പ്രോജക്ട് ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനിയർ സിന്ധു സി. നായർ തുടങ്ങിയവർ പങ്കെടുത്തു.