കൊച്ചി: ബലക്ഷയം നേരിടുന്ന വൈറ്റിലയിലെ ചന്ദേർകുഞ്ച് ആർമി ടവറുകളുടെ പുനരുദ്ധാരണ പ്രവൃത്തികൾക്കുമുമ്പ് ഇത് സംബന്ധിച്ച വിദഗ്ദ്ധറിപ്പോർട്ട് മറ്റൊരു ഏജൻസിയെക്കൊണ്ട് പരിശോധിപ്പിക്കുന്ന കാര്യം പരിഗണിക്കണമെന്ന് ഹൈക്കോടതി. ഇതിനായി ബന്ധപ്പെട്ട കക്ഷികളിൽനിന്ന് ഹൈക്കോടതി നിർദ്ദേശങ്ങൾ തേടി.
ആറുവർഷംമാത്രം പഴക്കമുള്ള 29നിലകളിലുള്ള രണ്ട് ടവറുകളുടെ ദുർബലാവസ്ഥ പരിഹരിക്കാൻ 208ഫ്ളാറ്റുകളിലെയും താമസക്കാരെ മാറ്റി പാർപ്പിച്ച് രണ്ടുവർഷംകൊണ്ട് 80കോടിയോളം മുടക്കി പുനരുദ്ധരിക്കുന്ന റിപ്പോർട്ടാണ് നിർമ്മാതാക്കളായ ആർമി വെൽഫെയർ ഹൗസിംഗ് ഓർഗനൈസേഷൻ (എ.ഡബ്ല്യു.എച്ച്.ഒ) ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നത്.
എ.ഡബ്ല്യു.എച്ച്.ഒ ഏകപക്ഷീയമായാണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും പുനരുദ്ധാരണപദ്ധതി പരിശോധിക്കേണ്ടത് ആവശ്യമാണെന്നും ഹർജിക്കാരനായ റിട്ട. കേണൽ സിബി ജോർജ് പറഞ്ഞു. എന്നാൽ പ്രമുഖ ഏജൻസിയായ ബ്യൂറോ വെരിറ്റാസ് വിശദമായി പഠിച്ച് സമർപ്പിച്ച റിപ്പോർട്ടിനെ ആധാരമാക്കിയാണ് പുനരുദ്ധാരണ പദ്ധതിയെന്ന് എ.ഡബ്ല്യു.എച്ച്.ഒ ബോധിപ്പിച്ചു. തുടർന്നാണ് ഈ റിപ്പോർട്ട് മറ്റൊരു ഏജൻസിയെക്കൊണ്ട് പരിശോധിപ്പിക്കാമെന്ന നിർദ്ദേശം ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് മുന്നോട്ടുവച്ചത്. ആർമി ടവറുകളിലെ രണ്ട് റസിഡന്റ്സ് അസോസിയേഷനുകളും കേസിൽ കക്ഷികളാണ്. ഇന്നലെ മറ്റൊരു താമസക്കാരനായ ലെഫ്. കമാൻഡർ വി.വി. കൃഷ്ണനും പുതിയ ഹർജി സമർപ്പിച്ചു.