കൊച്ചി: കാൽനൂറ്റാണ്ടിലധികമായി ഉപയോഗഗൂന്യമായിക്കിടന്ന കലൂർ മാർക്കറ്റ് ആധുനിക നിലവാരത്തോടുകൂടിയുള്ള നവീകരണം അവസാനഘട്ടത്തിൽ. ജി.സി.ഡി.എയാണ് മാർക്കറ്റ് നവീകരിക്കുന്നത്. നിർമ്മാണപ്രവർത്തനം ജൂലായിൽ പൂർത്തിയാക്കി ആഗസ്റ്രിൽ ഉദ്ഘാടനം ചെയ്യും. വിപുലമായ ഉദ്ഘാടന പരിപാടികളാണ് അധികൃതർ പദ്ധതിയിട്ടിരിക്കുന്നത്. ഇപ്പോൾ ടൈലിടുന്ന പ്രവർത്തനങ്ങളാണ് നടക്കുന്നത്. മാർക്കറ്റ് കെട്ടിടം ഒരുവർഷംകൊണ്ടാണ് പുനർനവീകരിച്ചെടുക്കുന്നത്.
മാർക്കറ്റിന്റെ നിർമ്മാണ പ്രവൃത്തികൾ പൂർത്തിയാകുന്നതോടെ നിലവിൽ പഴയമാർക്കറ്റിൽ പ്രവർത്തിക്കുന്ന വ്യാപാരികളെ പുതിയ മാർക്കറ്റിലേക്ക് പുനരധിവസിപ്പിക്കും. പഴയ മാർക്കറ്റിലെ അസൗകര്യങ്ങളും മാലിന്യസംസ്‌കരണത്തിലെ പ്രശ്‌നങ്ങളും വർദ്ധിച്ചതോടെ 1999ലാണ് കലൂരിൽ മണപ്പാട്ടിപ്പറമ്പിനോട് ചേർന്ന് പുതിയ മാർക്കറ്റ് നിർമാണം ആരംഭിച്ചത്. ഗോകുലം പാർക്ക് ഹോട്ടലിന് സമീപത്തുകൂടി കലൂർ മെട്രോ സ്റ്റേഷനിലേക്ക് എത്താൻ സാധിക്കുന്ന തരത്തിൽ അപ്രോച്ച് റോഡുകളും മാർക്കറ്റിലേക്കുണ്ടാകും.
1 മാർക്കറ്റിൽ ബലക്ഷയമുണ്ടായ ഭാഗങ്ങളെല്ലാം ബലപ്പെടുത്തി തറയിലും ചുമരുകളിലും ടൈലുകൾ പാകി
2 ആധുനിക വൈദ്യുതീകരണ സംവിധാനങ്ങളും മലിനജല നിർമാർജന സംവിധാനവും ഒരുക്കി
രണ്ടുനിലകൾ 5.87കോടി
5.87കോടിരൂപയാണ് പദ്ധതിച്ചെലവ്. രണ്ട് നിലകളിലാണ് മാർക്കറ്റ് സമുച്ചയം. 1.08 ഏക്കറിൽ 40,000 ചതുരശ്രഅടി വിസ്തീർണം. കെട്ടിടത്തിലെ താഴത്തെനിലയിൽ പഴം, പച്ചക്കറികൾ, മത്സ്യ, മാംസം എന്നിവ കച്ചവടം നടത്തുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ഇവയ്‌ക്കൊപ്പം അനുബന്ധ ഉത്പന്നങ്ങളും പലചരക്ക് സാധനങ്ങൾ എന്നിവ വിൽക്കുന്നതിനായും പ്രത്യേക ഇടങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. 66 കടമുറികളും 30 സ്റ്റാളുകളുമാണ് ഇതിനായി താഴത്തെ നിലയിൽ സജ്ജമാക്കിയിരിക്കുന്നത്.
ഒന്നാംനിലയിൽ ഓപ്പൺ റസ്റ്റോറന്റ് അടക്കം 18 കടമുറികളുണ്ട്. ഉറവിട മാലിന്യസംസ്‌കരണ പ്ലാന്റ്, മഴവെള്ള സംഭരണി, മലിനജല സംസ്‌കരണ പ്ലാന്റ്, അഗ്‌നിരക്ഷാ സംവിധാനങ്ങൾ, സർവീസ് ലിഫ്റ്റ്, ജനറേറ്റർ, പാർക്കിംഗ് സൗകര്യം തുടങ്ങി ആധുനിക മാർക്കറ്റിനാവശ്യമായ എല്ലാ സൗകര്യങ്ങളും കലൂരിലെ നവീകരിച്ച മാർക്കറ്റിൽ ഉണ്ടാകും.