കൊച്ചി: ''ക്രിക്കറ്റാണ് ജീവിതം. ആ ആവേശമാണ് ഇപ്പോഴും കരുത്ത്..."" ജീവിതത്തിന്റെ ക്രീസിൽ എഴുപതിലും തിളങ്ങി നിൽക്കുകയാണ് കേരളത്തിന്റെ 'ക്രിക്കറ്റ് കോച്ച്" പി. ബാലചന്ദ്രൻ. സപ്തതി നിറവിലും ക്രിക്കറ്റിനെ ഹൃദയത്തോട് ചേർത്തുവയ്ക്കുന്ന അദ്ദേഹത്തിന്റെ എഴുപതാം പിറന്നാൾ സുഹൃത്തുക്കളും ശഷ്യരും ചേർന്ന് ഇന്നലെ തൃപ്പൂണിത്തുറ എൻ.എം ഫുഡ് വേൾഡിൽ വിപുലമായി ആഘോഷിച്ചു.
കുട്ടിക്കാലം മുതൽ പി. ബാലചന്ദ്രന് ക്രിക്കറ്റ് ലഹരിയായിരുന്നു. ക്രിക്കറ്റ് കുലപതി പാലിയത്ത് രവിയച്ഛന്റെ അനന്തരവൻ പത്താം ക്ലാസിൽ പഠിക്കേ തന്നെ തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബിൽ അംഗമായി. വൈകാതെ കേരളത്തിനായി രഞ്ജി ക്രിക്കറ്റിൽ കളിച്ചു. നായകനായി. ദുലീപ് ട്രോഫിയിൽ സൗത്ത് സോൺ ടീമീനായി പാഡണിഞ്ഞതും മറക്കാനാകാത്ത മുഹൂർത്തമെന്ന് ബാലചന്ദ്രൻ പറയുന്നു.
16 വർഷം കേരള ടീമിന്റെ കോച്ചായിരുന്നു ബാലചന്ദ്രൻ. കമന്റേറ്റർ, സെലക്ടർ, ഗായകൻ എന്നീ നിലകളിലും ഈ മുൻ ബാങ്ക് ഉദ്യോഗസ്ഥൻ നിറസാന്നിദ്ധ്യം. ഓസ്‌ട്രേലിയയിൽ തമാസിക്കുന്ന മക്കൾ ധന്യയുടെയും രമ്യയുടെയും കുടുംബങ്ങൾക്കൊപ്പമായിരുന്നു ജന്മ നക്ഷത്രപ്രകാരമുള്ള സപ്തതി ആഘോഷം. ഭാര്യ ഗീതയ്ക്കൊപ്പം കഴിഞ്ഞ ദിവസമാണ് നാട്ടിലേക്ക് തിരിച്ചുവന്നത്.