 
തൃപ്പൂണിത്തുറ: കിഴക്കേക്കോട്ടയിൽ പ്രവർത്തിച്ചിരുന്ന ആയുർവേദ കോളേജ് കെട്ടിടം പൊളിച്ച് പകരം 35കോടി ചെലവിൽ നിർമ്മിച്ച ആയുർവേദ ഗവേഷണകേന്ദ്രം അടഞ്ഞുതന്നെ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ധൃതിപിടിച്ച് 2021 ഫെബ്രുവരിയിൽ അന്നത്തെ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനംചെയ്ത ബഹുനില മന്ദിരമാണ് മൂന്നുവർഷം കഴിഞ്ഞിട്ടും നോക്കുകുത്തിയായിക്കിടക്കുന്നത്. നിലവിൽ ഒരു ലാബുപോലും പ്രവർത്തിക്കുന്നില്ല.
* ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനം
1 എട്ടുനിലകളിലായി 1,03,000 ചതുരശ്രഅടിയുള്ള സമുച്ചയം
2 12വകുപ്പുകളും 34,000 ചതുരശ്ര അടിയുള്ള 17 ആധുനികലാബുകൾ
3 ഡിജിറ്റൽ-ലൈബ്രറിയും 100 പേർക്ക് ഗവേഷണം നടത്താനുള്ള സൗകര്യങ്ങളും
4 ആയുർവേദ മ്യൂസിയം
* ഫയർഫോഴ്സിന്റെ എൻ.ഒ.സി കാത്ത്
അഗ്നിസുരക്ഷാ സംവിധാനങ്ങളുമഏമായി ബന്ധപ്പെട്ട ഉപകരണങ്ങൾ സ്ഥാപിച്ചുകഴിഞ്ഞു. ഫയർപൈപ്പുകളുടെയും മറ്റും കവറിംഗ് നടത്തേണ്ടതുണ്ട്. ഇതുകൂടി പൂർത്തിയായാൽ ഫയർ ഫോഴ്സിൽനിന്ന് കെട്ടിടത്തിന് എൻ.ഒ.സി ലഭിക്കും. തുടർന്ന് ഗ്യാസ് കണക്ഷനുമാകും. താത്കാലികമായി ലഭിച്ചിരിക്കുന്ന വൈദ്യുതി കണക്ഷൻ സ്ഥിരമാക്കുന്നതോടെ മൂന്നാംനിലവരെയുള്ള ഫേസ് 1 പ്രവർത്തനക്ഷമമാകും. ലാബ് പ്രവർത്തനക്ഷമമാകുന്നതോടെ ഈ അദ്‌ധ്യായനവർഷം തന്നെ 10 വിദ്യാർത്ഥികൾ അടങ്ങുന്ന 'അഡ്വാൻസ്ഡ് എം.എസ്‌സി ഇൻ സ്പോർട്സ് മെഡിസിൻ ആയുർവേദ' എന്ന കോഴ്സ് തുടങ്ങാൻ കഴിയുമെന്ന ശുഭപ്രതീക്ഷയിലാണ്.
കെ.ബി. സുധികുമാർ,
വിസിറ്റിംഗ് പ്രൊഫസർ
ഗവേഷണകേന്ദ്രം തുറന്നു പ്രവർത്തിപ്പിക്കണം: ട്രൂറ
ആയുർവേദ ഗവേഷണ കേന്ദ്രം അടിയന്തരമായി തുറന്നു പ്രവർത്തിപ്പിക്കണമെന്ന് ട്രൂറ ചെയർമാൻ വി.പി.പ്രസാദും കൺവീനർ വി.സി. ജയേന്ദ്രനും ആവശ്യപ്പെട്ടു.