 
*വീട്ടമ്മ കാലുകുടുങ്ങി കിടന്നത് കാൽമണിക്കൂർ
കൊച്ചി: കൊച്ചിയിൽ നടപ്പാതകളിലെ കാലപ്പഴംചെന്ന സ്ലാബുകൾ വീണ്ടും വില്ലനായി. കാൽനട യാത്രക്കാരിയായ വീട്ടമ്മ സ്ലാബിനിടയിൽ കാലുകുരുങ്ങിക്കിടന്നത് 15 മിനിട്ട് ! വഴിയാത്രക്കാരും തൊഴിലാളികളും ചേർന്ന് സ്ലാബ് ഉയർത്തിമാറ്റിയാണ് രക്ഷപ്പെടുത്തിയത്.
പാലാരിവട്ടം ഐ.ഒ.ബി ബാങ്കിന് സമീപത്തെ നടപ്പാതയിൽ ഇന്നലെ രാവിലെ 7.45ഓടെ ആയിരുന്നു സംഭവം. ചമ്പക്കര സ്വദേശിനിയാണ് അപകടത്തിൽപ്പെട്ടത്. ഇടതുകാലിന് നിസാര പരിക്കേറ്റെങ്കിലും പരാതി നൽകിയിട്ടില്ല.
ഐ.ഒ.ബി ബാങ്ക് ഉൾപ്പെടുന്ന കെട്ടിടത്തിലെ ശുചീകരണ തൊഴിലാളിയാണ് അപകടത്തിൽപ്പെട്ട വീട്ടമ്മ. രാവിലെ ശുചീകരണ ജോലികൾക്കിടെ പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് ഇടതുകാൽ മുട്ടോളം സ്ലാബിന് ഇടയിൽ അകപ്പെട്ടത്. പുറത്തേക്ക് വലിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും കഴിയാതെ വന്നതോടെ ഇവർ നടപ്പാതയിൽ ഇരുന്നു. അതുവഴിപോയ യാത്രക്കാരും സമീപത്ത് ജോലി ചെയ്തിരുന്നവരും ചേർന്ന് പത്തുമിനിട്ടോളമെടുത്താണ് സ്ലാബ് ഉയർത്തിമാറ്റിയത്.സംഭവത്തിന് പിന്നാലെ കെ.എം.ആർ.എൽ അപകട സ്ഥലത്തെ പഴയസ്ലാബുകൾക്ക് മുകളിൽ ഇരുമ്പ് ഗ്രില്ലുകൾ സ്ഥാപിച്ചു.
കൊച്ചി മെട്രോയുടെ പണികൾ പുരോഗമിക്കുന്ന പ്രദേശത്തെ നടപ്പാതയിൽ ഭൂരിഭാഗം സ്ലാബുകൾ ഇളകി മാറിയനിലയിലാണ്. നഗരത്തിന്റെ പലഭാഗങ്ങളിലും കാനയ്ക്ക് മുകളിൽ നടപ്പാതയ്ക്കായി സ്ഥാപിച്ചിരിക്കുന്ന സ്ലാബുകളെല്ലാം കാലപ്പഴക്കംചെന്ന നിലയിലാണ്. ഏത് നിമിഷവും അപകടം സംഭവിച്ചേക്കാവുന്ന ഇത്തരം സ്ലാബുകൾ മാറ്റി പുതിയത് സ്ഥാപിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. നഗരത്തിലെ ചിലയിടങ്ങളിൽ മാത്രമേ പുതിയ സ്ലാബുകൾ സ്ഥാപിച്ചിട്ടുള്ളു.