തൃപ്പൂണിത്തുറ: കോണോത്തുപുഴ ശുദ്ധീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് മണകുന്നം വില്ലേജ് പാടശേഖര സംരക്ഷണ സമിതി ജില്ലാകളക്ടർക്ക് കത്തു നൽകി. പുഴ ശുദ്ധീകരിച്ച് സംരക്ഷിക്കാൻ ഗ്രീൻ ട്രിബ്യൂണൽ വിധി പ്രസ്താവിച്ച് 2 വർഷം കഴിഞ്ഞിട്ടും പുഴയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുകയോ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയോ ചെയ്തിട്ടില്ലെന്നും ഇതിനായി സർക്കാർ അനുവദിച്ച 26 കോടി പാഴാകുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്നും കത്തിൽ കുറ്റപ്പെടുത്തുന്നു.
തൃപ്പൂണിത്തുറ നഗരസഭ, മുളന്തുരുത്തി, ഉദയംപേരൂർ, ചോറ്റാനിക്കര തുടങ്ങിയ പഞ്ചായത്തുകൾ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന് ബന്ധപ്പെട്ട കക്ഷികൾക്ക് നോട്ടിസ് നൽകിയതല്ലാതെ മറ്റ് നടപടികൾ സ്വീകരിച്ചില്ല. കോണോത്തുപുഴയുടെ ആഴം ക്രമീകരിച്ച് ഇരുകരകളിലും പുറം ബണ്ട് നിർമ്മിച്ചാൽ വർഷകാലത്ത് തൃപ്പൂണിത്തുറ, ചോറ്റാനിക്കര, ഉദയംപേരൂർ. മുളന്തുരുത്തി, ആമ്പല്ലൂർ എന്നിവിടങ്ങളിലെ വെള്ളപ്പൊക്കം കുറയ്ക്കാൻ സഹായിക്കുമെന്നും പ്രസിഡന്റ് പി.കെ.രഞ്ചൻ, സെക്രട്ടറി കെ.പി. വർഗീസ് എന്നിവർ നൽകിയ കത്തിൽ പറയുന്നു.