soicialissiu
വവ്വാൽ ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ മുകളിലെ പൈപ്പുകൾ തുരുമ്പു കയറിയ നിലയിൽ

മൂവാറ്റുപുഴ : നഗരത്തിനെ പ്രധാന കേന്ദ്രമായ കച്ചേരിത്താഴത്ത് ലക്ഷങ്ങൾ മുടക്കി എട്ട് വർഷം മുമ്പ് നിർമ്മിച്ച വവ്വാൽ ബസ് കാത്തിരിപ്പ് കേന്ദ്രം തുരുമ്പ് എടുത്തു നശിക്കുന്നു. നഗരഹൃദയത്തെ മനോഹരമാക്കി വവ്വാൽചിറകിന്റെ മാതൃകയിൽ അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മിച്ച കാത്തിരിപ്പു കേന്ദ്രത്തെ ദിവസവും നൂറ് ബസ് യാത്രികരാണ് ആശ്രയിക്കുന്നത്. 40 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച കേന്ദ്രത്തിന്റെ മേൽകൂര മുഴുവൻ തുരുമ്പ് എടുത്ത് നശിച്ചു കഴിഞ്ഞു.അടിയന്തിരമായി അറ്റകുറ്റ പണിനടത്തിയില്ലങ്കിൽ എപ്പോൾ വേണമെങ്കിലും ഇടിഞ്ഞുവീഴാം. കൂറ്റൻ തൂണുകൾക്ക് മുകളിൽ ടെൻസൈൽ ഫാബ്രിക് ഉപയോഗിച്ചാണ് മേൽക്കൂര തീർത്തത്. വിലകൂടിയ ടെൻസൈൽ ഫാബ്രിക് ദീർഘകാലം ഈട് നിൽക്കുമെങ്കിലും ഇവ സ്ഥാപിച്ചിരിക്കുന്ന ഇരുമ്പ് പൈപ്പുകളിലാണ് തുരുമ്പ് വ്യാപിക്കുന്നത്. താഴെ നിന്ന് നോക്കിയാൽ പൈപ്പുകളിൽ തുരുമ്പുള്ളത് മനസിലാകില്ല. എന്നാൽ കോടതി സമുച്ചയത്തിന്റെ മുകളിൽ നിന്നു നോക്കിയാൽ പൈപ്പുകൾ അപകടാവസ്ഥയിലാണെന്ന് വ്യക്തമാകും. നിർമ്മാണത്തിന്റെ തുടക്കത്തിൽ അഴിമതി ആരോപണങ്ങളിലൂടെ ശ്രദ്ധാ കേന്ദ്രമായ ബസ് കാത്തിരിപ്പ് കേന്ദ്രം ഇപ്പോൾ മൂവാറ്റുപുഴയുടെ സൂചകങ്ങളിൽ ഒന്നായി മാറിയിട്ടുണ്ട്. എട്ടുവർഷം കഴിഞ്ഞിട്ടും പിന്നീട് ഇതിന്റെ അറ്റകുറ്റപ്പണികൾ നടത്തിട്ടില്ല. കഴിഞ്ഞ വർഷം അറ്റകുറ്റപ്പണികൾക്കായി നഗരസഭ 2 ലക്ഷം രൂപ അനുവദിച്ചെങ്കിലും പണികൾ ഒന്നും നടത്തിയിട്ടില്ല. പൈപ്പുകൾ ബലപ്പെടുത്താൻ നടപടി ഉണ്ടായില്ലെങ്കിൽ കച്ചേരിത്താഴത്തെ വവ്വാൽ വെയ്റ്റിംഗ് ഷെഡ് അപകട ഷെഡ് ആയി മാറും.

.