വൈപ്പിൻ: കേരളത്തിന്റെ പൊതുവിദ്യാഭ്യാസം ലോകത്തിന് മാതൃകയാണെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. വൈപ്പിൻ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ അവാർഡും സ്‌കോളർഷിപ്പും 514 പേർക്കായി വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. മികച്ച വിജയം സ്വന്തമാക്കിയ 22 സ്‌കൂളുകൾക്കും മന്ത്രി ഉപഹാരം നൽകി. ഓച്ചന്തുരുത്ത് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷനായി. സൈലം ലേണിംഗിന്റെ സഹകരണത്തോടെ പത്ത്, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ എ പ്ലസോടെ വിജയം നേടിയ കുട്ടികളെയാണ് ആദരിച്ചത്. പന്ത്രണ്ടാം ക്‌ളാസിൽ ഏറ്റവുമധികം മാർക്ക് നേടിയ അനീന ജോസിക്കു രണ്ടു ലക്ഷം രൂപയുടെ മെറിറ്റ് സ്‌കോളർഷിപ്പ് സമ്മാനിച്ചു. സംസ്ഥാന നാടക അവാർഡ് ജേതാവ് ഗിരീഷ് രവി അടക്കം വിദ്യാഭ്യാസ, വിദ്യാഭ്യാസേതര മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവർക്കും പുരസ്‌കാരങ്ങൾ നൽകി.

ടി.സി.സി. എം.ഡി. രാജീവ്, സൈലം അക്കാദമി ഹെഡ് അനന്ദു വിജയകുമാർ, മോളിക്യൂലാർ ഹോസ്പിറ്റൽ ഡയറക്റ്റർ എം.ആർ.എ. പിള്ള, കഥാകൃത്ത് തസ്മിൻ ശിഹാബ്, കെ.ജെ. ഷൈൻ, എ. നിഷാദ്, ടി.ആർ. രഞ്ജിത്ത്, എ.പി. പ്രനിൽ, സുനിൽ ഹരീന്ദ്രൻ, ആൽബി കളരിക്കൽ, എൻ.എസ്. സൂരജ് എന്നിവർ സംസാരി​ച്ചു.