പറവൂർ: പറവൂർ മാർക്കറ്റിലെ മലിനജല സംസ്കരണ സംവിധാനം ഏർപ്പെടുത്താത്ത പറവൂർ നഗരസഭയ്ക്ക് മലിനീകരണ നിയന്ത്രണ ബോർഡ് കാരണം കാണിക്കൽ നോട്ടിസ് നൽകി. പതിനഞ്ച് ദിവസത്തിനകം വിശദീകരണം നൽകണം. 2023 ജൂലൈ 26ന് ബോർഡ് നഗരസഭയ്ക്ക് നൽകിയ കത്തിലെ നിർദേശങ്ങൾ നടപ്പാക്കിയിരുന്നില്ല. ഉപയോഗരഹിതമായ നിലയിൽ അറവുശാല കെട്ടിടവും അതിലെ ബയോഗ്യാസ് പ്ലാന്റ്, സെപ്റ്റിക് ടാങ്ക് പോലുള്ള സംവിധാനങ്ങളും ശ്രദ്ധയിൽപ്പെട്ടതിനാൽ ആധുനിക അറവുശാല എത്രയും വേഗം ആരംഭിക്കണം, അനധികൃത അറവ് നിരോധിക്കണം, ഇറച്ചി, മീൻ ചന്തകളിലെ മലിനജലം സംസ്കരിക്കാൻ സംവിധാനം ഒരുക്കണം തുടങ്ങിയ നിർദേശങ്ങളാണ് നൽകിയത്. തുടർന്നും മൃഗങ്ങളെ അറക്കുന്നതിന്റെ അവശിഷ്‌ടങ്ങളും അവയുടെ രക്തം കലർന്ന മലിനജലവും മാർക്കറ്റിൽ നിന്ന് തട്ടുകടവ് പുഴയിലെത്തിയതിനാൽ കഴിഞ്ഞ മൂന്നിന് പുഴയുടെ ഉപരിതലത്തിൽ, മത്സ്യങ്ങൾ കൂട്ടത്തോടെ എത്തി ശ്വാസമെടുക്കുകയും ചില മത്സ്യങ്ങൾ ചത്ത് പൊന്തുകയും ഉണ്ടായി. മാർക്കറ്റിൽ സ്ഥിതി ചെയ്യുന്ന ഇറച്ചി, മീൻ സ്‌റ്റാളുകളിൽ നിന്ന് മലിനജലം പുഴയിലേക്ക് ഒഴുക്കുന്നതായി കണ്ടെത്തി. ഇതാണ് മത്സ്യങ്ങൾ ശ്വാസം കിട്ടാതെ പിടയാൻ കാരണമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് ചൂണ്ടിക്കാട്ടിയെങ്കിലും പുഴയിൽ ആദ്യമായി ഉണ്ടായ പ്രതിഭാസത്തിന്റെ കാരണം അതല്ലെന്നാണ് നഗരസഭ വാദം.

പുഴ സംരക്ഷിക്കാനും ചന്തയിലെ മാലിന്യങ്ങൾ കൃത്യമായി സംസ്‌കരിക്കാനും പറവൂർ നഗരസഭ ഉടൻ നടപടിയെടുക്കണം.

ടി.വി. നിഥിൻ

പറവൂർ നഗരസഭ

പ്രതിപക്ഷനേതാവ്