road
ദേശീയപാതയിൽ ആലുവ പറവൂർ കവലയിൽ പറവൂർ റോഡിലേക്ക് ഫ്രീ ലെഫ്റ്റ് സംവിധാനം ആരംഭിക്കുന്നതിന്റെ ഭാഗമായി റോഡിന് വീതി കൂട്ടി സൗകര്യമൊരുക്കുന്നു

ആലുവ: ദേശീയപാതയിൽ പറവൂർ കവലയിലെ ഗതാഗതക്കുരുക്ക് അഴിക്കുന്നതിന്റെ ഭാഗമായി പറവൂർ റോഡിലേക്ക് ഫ്രീ ലെഫ്റ്റ് സംവിധാനം ഏർപ്പെടുത്താൻ ഒരുക്കങ്ങൾ ആരംഭിച്ചു. കഴിഞ്ഞ മാസം 24ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ സ്ഥലം സന്ദർശിച്ച് പ്രഖ്യാപിച്ച നടപടിക്രമങ്ങളുടെ ആദ്യഘട്ടമായാണ് ഫ്രീ ലെഫ്റ്റ് സംവിധാനം ഒരുക്കുന്നത്.

ദേശീയപാത അധികൃതരുടെ അനുവാദത്തോടെ മോട്ടോർ വാഹന വകുപ്പാണ് നിർമ്മാണം നടത്തുന്നത്. ദേശീയപാത അധികൃതർ ബി.എം.ബി.സി ടാറിംഗ് നടത്തുന്നതുവരെ ഉപയോഗിക്കാൻ താത്കാലിക സംവിധാനമാണ് എം.വി.ഡി ഒരുക്കുന്നത്. നിലവിൽ കുണ്ടും കുഴിയുമായി കിടന്ന സ്ഥലത്ത് വലിയ മെറ്റൽ വിരിച്ച് ഉറപ്പിക്കുകയാണ്. ഇന്നലെ വൈകുന്നേരത്തോടെ ഇത് പൂർത്തിയായി. അടുത്ത ദിവസം തന്നെ പറവൂർ കവല ബസ് സ്റ്റോപ്പിൽ നിന്നും ഫ്രീ ലെഫ്റ്റ് തിരിയാനുള്ള ബാരിക്കേഡുകൾ സ്ഥാപിക്കുമെന്ന് ആലുവ ജോയിന്റ് ആർ.ടി.ഒ കെ.എസ്. ബിനീഷ് 'കേരളകൗമുദി'യോട് പറഞ്ഞു.

പറവൂർ കവലയിലും തോട്ടക്കാട്ടുകരയിലും അടിയന്തരമായി ഫ്രീ ലെഫ്റ്റ് സംവിധാനം ഒരുക്കാൻ ദേശീയപാത അധികൃതർ നടപടി സ്വീകരിച്ചില്ലെങ്കിൽ എം.വി.ഡി നേരിട്ട് സൗകര്യമൊരുക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് എം.വി.ഡി നേരിട്ട് നിർമ്മാണം ഏറ്റെടുത്തത്. പറവൂർ കവലയിലെയും തോട്ടക്കാട്ടുകരയിലെയും യു ടേണും ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നടപടികളൊന്നും ഇതുവരെ ആരംഭിച്ചിട്ടില്ല.