 
തൃപ്പൂണിത്തുറ: തേവര- വില്ലിംഗ്ടൺ ദ്വീപ് അലക്സാണ്ടർ പറമ്പിത്തറ പാലത്തിന്റെ പടിഞ്ഞാറെ അറ്റത്ത് പാലവും അപ്രോച്ച് റോഡും തമ്മിലുള്ള ഭാഗത്ത് രൂപപ്പെട്ട വലിയ കട്ടിംഗ് വാഹന യാത്രക്കാർക്ക് ദുരിതമാകുന്നു. ഇരുചക്രവാഹന യാത്രക്കാർ ഇവിടെ രൂപപ്പെട്ട കുഴിയിൽ വീഴുന്നത് പതിവാണ്. ഓരോ വാഹനവും ഈ കട്ടിങ്ങ് പിന്നിടാൻ ഏറെ സമയം എടുക്കുന്നതുകൊണ്ട് പാലത്തിൽ വാഹനങ്ങളുടെ നീണ്ട നിരയാണ്. അഞ്ചു മിനിട്ടുകൊണ്ട് കടക്കാവുന്ന പാലം താണ്ടാൻ നിലവിൽ അരമണിക്കൂറിലധികം സമയമെടുക്കുന്നു. നിരനിരയായി കിടക്കുന്ന വാഹനങ്ങളുടെ ഇടയിലൂടെ ഇരുചക്ര വാഹനങ്ങൾ അലക്ഷ്യമായി സഞ്ചരിക്കുന്നതും ഗതാഗതക്കുരുക്കിനെ രൂക്ഷമാക്കുന്നു. മരട് നഗരസഭ അധികൃതരുടെ പരാതി പ്രകാരം കഴിഞ്ഞദിവസം റോഡിലെ അറ്റകുറ്റപ്പണികൾ ചെയ്തെങ്കിലും ഇവിടെയുള്ള ഒരു മീറ്റർ സ്ഥലത്തെ പോരായ്മ കണ്ടുപിടിക്കാൻ പൊതുമരാമത്ത് വകുപ്പ് ശ്രദ്ധിച്ചില്ലെന്ന പരാതിയാണ് യാത്രക്കാർക്ക്.