മൂവാറ്റുപുഴ: നിയോജകമണ്ഡലത്തിലെ എസ്.എസ്.എൽ.സി, പ്ലസ് ടു, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കും 100ശതമാനം വിജയം നേടിയ വിദ്യാലയങ്ങൾക്കും മറ്റു മത്സരപരീക്ഷകളിൽ ഉന്നതവിജയം നേടിയ പ്രതിഭകൾക്കും മാത്യു കുഴൽനാടൻ എം.എൽ.എയുടെ മെറിറ്റ് അവാർഡുകൾ വിതരണം ചെയ്തു. മണ്ഡലത്തിലെ വിദ്യാർത്ഥികൾക്ക് 14ലക്ഷം രൂപയ്ക്ക് തുല്യമായ സ്‌കോളർഷിപ്പുകളും വിതരണം ചെയ്തു. ആവോലി, മാറാടി, വാളകം ഗ്രാമപഞ്ചായത്തുകളിലേയും മുവാറ്റുപുഴ നഗരസഭയിലെയും വിദ്യാർത്ഥികൾക്കുള്ള പുരസ്കാരമാണ് വിതരണം ചെയ്തത്. ഇന്ന് പായിപ്ര പഞ്ചായത്തിലും 15,16 തീയതികളിൽ മറ്റു പഞ്ചായത്തുകളിലും അവാർഡ് വിതരണം പൂർത്തീകരിക്കും. നഗരസഭ ചെയർമാൻ പി.പി എൽദോസ്, ജില്ല പഞ്ചായത്ത് അംഗങ്ങളായ ഉല്ലാസ് തോമസ്, ഷാന്റി എബ്രഹാം, റാണിക്കുട്ടി ജോർജ് തുടങ്ങിയവർ പങ്കെടുത്തു.