ആലുവ: കളമശേരിയുടെ സമഗ്ര കാർഷിക വികസനമാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. കൃഷിക്കൊപ്പം കളമശേരി പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ കുന്നുകര, കരുമാല്ലൂർ, ആലങ്ങാട് പഞ്ചായത്തുകളിലെ വിവിധ തോടുകളുടെ മാലിന്യം നീക്കലും ആഴംകൂട്ടി പുനർ സംയോജിപ്പിക്കലും കലുങ്കുകളുടെയും നീർച്ചാലുകളുടെയും പുനർനിർമ്മാണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
മൂന്ന് പഞ്ചായത്തുകളിലായി എട്ട് കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. ആകെ 327 കോടി രൂപയുടെ പദ്ധതിയാണ് കൃഷിക്കൊപ്പം കളമശേരിയുടെ ഭാഗമായി നടപ്പാക്കുക. ഇതിൽ 18 കോടിയുടെ പദ്ധതികൾക്കാണ് ഇപ്പോൾ അനുമതി ലഭിച്ചിരിക്കുന്നത്. തൊഴിലുറപ്പുമായി ബന്ധപ്പെട്ട 43 കോടിയുടെ പദ്ധതികളാണ് നടപ്പാക്കും. കൂടാതെ പെരിയാർ വാലി പുനർനിർമ്മാണത്തിനായി 1.2 കോടി രൂപയും അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
കരുമാല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു അദ്ധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ പി.എം. മനാഫ്, രമ്യ തോമസ്, യേശുദാസ് പറപ്പിള്ളി, സുരേഷ് മുട്ടത്തിൽ, അബ്ദുൾ ജബ്ബാർ, ജോർജ് മേനാച്ചേരി, ബീന ബാബു, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഇന്ദു പി. നായർ, ശ്യാമലക്ഷ്മി, ജി. പ്രവീൺ, സി.വി. സുരേഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു.