മരട്: നെട്ടൂർ ശാന്തിവനം ശ്മശാനത്തിലെ റീത്ത് നിരോധനം പിൻവലിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. മരട് നഗരസഭ നിരോധനം ഏകപക്ഷീയമായി നടപ്പാക്കുന്ന പശ്ചാത്തലത്തിൽ ബി.ജെ.പി മരട് നെട്ടൂർ ഏരിയ കമ്മിറ്റി ഭാരവാഹികൾ ശ്മശാനം സന്ദർശിച്ചു. റീത്തുകളും ഹിന്ദു ആചാരപ്രകാരം മരണാനന്തര കർമങ്ങൾ നടത്തുമ്പോൾ ഉപയോഗിക്കുന്ന വസ്തുക്കളും സംസ്കരിക്കുന്നതിന് ലക്ഷങ്ങൾ മുടക്കി നഗരസഭ സ്ഥാപിച്ച ഇൻസിനനേറ്റർ നോക്കുകുത്തിയായെന്ന് ബി.ജെ.പി ആരോപിച്ചു. നഗരസഭ റീത്ത് നിരോധനം ഉടൻ പിൻവലിച്ച് ഇൻസിനനേറ്റർ ഉപയോഗിച്ച് റീത്തടക്കമുള്ളവ സംസ്കരിക്കണം. ഇൻസിനനേറ്ററിന് പോരായ്മകൾ ഉണ്ടെങ്കിൽ ഉടൻ പരിഹരിക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.
മരട് ഏരിയ പ്രസിഡന്റ് ടി.ബി. ശിവപ്രസാദ്, ജനറൽ സെക്രട്ടറി ബൈജു ബാലകൃഷ്ണൻ, ഏരിയാ സെക്രട്ടറി കെ.വി. രാജേഷ്, പള്ളുരുത്തി മണ്ഡലം ജനറൽ സെക്രട്ടറി പി.എൻ. ഉദയൻ, നെട്ടൂർ ഏരിയ ജനറൽ സെക്രട്ടറി സേതുലാൽ എന്നിവർ പങ്കെടുത്തു.