 
മൂവാറ്റുപുഴ : ശക്തമായ മഴയിൽ സംരക്ഷണഭിത്തി ഇടിഞ്ഞ് വീട് അപകടഭീഷണിയിൽ. മഞ്ഞള്ളൂർ പഞ്ചായത്ത് 3-ാം വാർഡിൽ ചേക്കോട്ട് സി.പി. വിനോദിന്റെ വീടാണ് അപകടഭീഷണിയിൽ നിൽക്കുന്നത്. മണ്ണിടിച്ചിലിൽ സ്ഥലത്ത് നിൽക്കുന്ന തെങ്ങ് നിലംപറ്റുന്ന അവസ്ഥയിലാണ്. ഇലക്ട്രിക് പോസ്റ്റിന്റെ സ്റ്റേ കമ്പി സ്ഥാപിച്ചിരിക്കുന്നത് ഇവിടെയാണ്. നിരവധി വാഹനങ്ങളും സ്കൂൾ കുട്ടികളും സഞ്ചരിക്കുന്ന വഴിയിൽ തെങ്ങും പോസ്റ്റും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. മഴ തുടരുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ സ്ഥിതി എന്താകും എന്ന ഭീതിയിലാണ് ഓട്ടോ തൊഴിലാളിയായ വിനോദ്.