hajj
നെടുമ്പാശേരി ഹജ്ജ് ക്യാമ്പിൽ നിന്നും വിശുദ്ധ ഹജ്ജ് കർമ്മത്തിന് യാത്ര തിരിക്കുന്ന ഇരട്ടക്കുട്ടികളായ റിസാമർവയേയും റഹിയാനേയും തസ്‌ക്കിയത്ത് കമ്മിറ്റി ചെയർമാൻ തൊടിയൂർ കുഞ്ഞ് മുഹമ്മദ് മൗലവി ഇഹ്രാം ധരിപ്പിക്കുന്നു

നെടുമ്പാശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിലുള്ള നെടുമ്പാശേരി ഹജ്ജ് ക്യാമ്പിന്റെ സമാപന ദിവസം തീർത്ഥാടക സംഘത്തിൽ ഇരട്ടക്കുട്ടികളും. തൃശൂർ കേച്ചേരി സ്വദേശി ചിറനെല്ലൂർ മണപ്പാട്ടിപറമ്പിൽ മുഹമ്മദ് സെയ്തിന്റെയും ഫാത്തിമയുടേയും മക്കളായ റിസമർവ (9), റഹിയാൻ (9) എന്നിവരാണ് ഹജ്ജിന്റെ പുണ്യംതേടി മാതാപിതാക്കൾക്കൊപ്പം ഇന്നലെ യാത്രതിരിച്ചത്.

പുലർച്ചെ മൂന്നിന് സൗദി എയർലൈൻസ് വിമാനത്തിലായിരുന്നു യാത്ര. ദീർഘകാലമായി വിദേശത്ത് ഡ്രൈവറായി ജോലിചെയ്യുന്ന സെയ്തിനും ഫാത്തിമയ്ക്കും ആറ്റുനോറ്റുണ്ടായ മക്കളാണ് റിസയും റഹിയാനും. നെടുമ്പാശേരി ഹജ്ജ് ക്യാമ്പിന്റെ പ്രാർത്ഥനാ ചടങ്ങിൽവച്ച് തസ്‌കിയത്ത് കമ്മിറ്റി ചെയർമാൻ തൊടിയൂർ കുഞ്ഞ് മുഹമ്മദ് മൗലവി കുട്ടികളെ ഇഹ്രാം ധരിപ്പിച്ചു.

ക്യാമ്പ് ഇന്ന് സമാപിക്കും

സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിലുള്ള നെടുമ്പാശേരി ഹജ്ജ് ക്യാമ്പിന് ഇന്ന് സമാപിക്കും. ഉച്ചയ്ക്ക് 12.10ന് ക്യാമ്പിൽ നിന്നുള്ള അവസാന ഹാജിമാരേയുംകൊണ്ട് സൗദി എയർലൈൻസ് വിമാനം പറക്കുന്നതോടെ ഈവർഷത്തെ ഹജ്ജ് ക്യാമ്പിന് സമാപനമാകും. കേരളത്തിൽ നിന്നുള്ള 112 ഹാജിമാർക്കു പുറമെ തമിഴ്‌നാട്ടിൽ നിന്നുള്ള 99 ഹാജിമാരും കർണാടകത്തിൽ നിന്നുള്ള രണ്ട് ഹാജിമാരും സംഘത്തിലുണ്ട്.

ഇന്നലെ പുലർച്ചെയുള്ള വിമാനത്തിൽ 274 തീർത്ഥാടകർ യാത്രതിരിച്ചു. യാത്രഅയപ്പ് സമ്മേളനത്തിൽ അൻവർ സാദത്ത് എം.എൽ എ, തസ്‌കിയത്ത് കമ്മിറ്റി ചെയർമാൻ തൊടിയൂർ കുഞ്ഞ് മുഹമ്മദ് മൗലവി, ഹജ്ജ് സെൽ ഓഫീസർ എം.ഐ ഷാജി, പള്ളിക്കര അബൂബക്കർ മുസ്ല്യാർ, ജനറൽ കൺവീനർ സഫർ കയാൽ, കോഓഡിനേറ്റർ സി.കെ. സലീം, എം.കെ. ബാബു, ഹൈദ്രോസ് ഹാജി, മുഹമ്മദ് കുഞ്ഞ് മുച്ചേത്ത്, മുസമ്മിൽ ഹാജി, എൻ.എം. അമീർ, കെ.എം. ഹാരിസ്, ജിംഷാദ് അബ്ദുൾ അസീസ് സഖാഫി എന്നിവർ സംബന്ധിച്ചു. മദീന യൂണിവേഴ്‌സിറ്റിയിൽ ബിരുദാനന്തര വിദ്യാർത്ഥിയായ ആലുവ സ്വദേശി മുഹമ്മദ് ജബീൽ പരിയാരത്തെ ആദരിച്ചു.