മൂവാറ്റുപുഴ: നിർമ്മാണം പൂർത്തീകരിച്ച് മാസങ്ങൾക്കുള്ളിൽ തകർന്ന് കുന്നപ്പിള്ളി ലൈൻ റോഡ്. റോഡിലെ ടാറിംഗ് മുഴുവൻ ഇളകി കാൽനട യാത്രപോലും ദുസഹമായ അവസ്ഥയിലാണ്.
നിർമ്മാണം പൂർത്തീകരിച്ച് ഏതാനം മാസങ്ങൾ കഴിഞ്ഞതോടെ പായിപ്ര പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലെ ഈ റോഡ് തകരുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
ഉറപ്പില്ലാത്ത റോഡിൽ ആവശ്യത്തിന് മെറ്റലോ മറ്റ് മെറ്റീരിയലോ കൃത്യമായ അളവിൽ ചേർക്കാതെ റോഡ് നിർമ്മാണം നടത്തിയതിനാലാണ് റോഡ് തകരാൻ കാരണമായതെന്നാണ് ആക്ഷേപം. റോഡ് നിർമ്മാണം പൂർത്തീകരിച്ച് 10 ലക്ഷം രൂപയുടെ ബില്ലും മാറിയിട്ടുണ്ട്. ജനപ്രതിനിധിയും ഉദ്യോഗസ്ഥരും കോൺട്രാക്ടറും തമ്മിലുള്ള ധാരണയിലാണ് റോഡ് നിർമ്മാണം നടത്തിയതെന്ന് ബന്ധപ്പെട്ടവർ പറയുന്നു. നിർമ്മാണം നടത്തി ഉടൻ തന്നെ റോഡ് തകർന്നതിനെപറ്റി അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ പായിപ്ര ഗ്രാമ പഞ്ചായത്തിൽ പരാതി നൽകിയിരിക്കുകയാണ്.
.....................
റോഡ് നിർമ്മാണത്തിലെ അപാകതകളെ സംബന്ധിച്ച് അടിയന്തരമായി അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കണം. റോഡിന്റെ തകർന്ന ഭാഗങ്ങൾ എത്രയും വേഗം പുനർനിർമ്മിച്ച് ജനങ്ങൾക്ക് യാത്ര സൗകര്യം ഒരുക്കണം.
കെ.എൻ. നാസർ, പായിപ്ര സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ