police
അനധികൃതമായി രൂപമാറ്റം വരുത്തിയതിന് പൊലീസ് പിടിച്ചെടുത്ത ഇരുചക്ര വാഹനങ്ങൾ

കൊച്ചി: മോട്ടോർ വാഹനവകുപ്പിന്റെ അനുമതിയില്ലാതെ അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾക്കെതിരെ സിറ്റി ട്രാഫിക് പൊലീസ് നടപടി ആരംഭിച്ചു. കമ്പനി ഫിറ്റ് ചെയ്തിട്ടുള്ളവ മാറ്റി പകരം അമിതശബ്ദം പുറപ്പെടുവിക്കുന്ന സൈലൻസറുകൾ ഘടിപ്പിച്ചതും നമ്പർ പ്ലേറ്റുകൾ മഡ്ഗാർഡുകളിൽ ഫിറ്റ് ചെയ്യാതെ ടെയിൽ ലാമ്പിനടിയിലായി തിരുകിക്കയറ്റി വയ്ക്കുന്നതും ഉൾപ്പെടെ രൂപമാറ്റം വരുത്തിയ 75 വാഹനങ്ങൾ കഴിഞ്ഞദിവസങ്ങളിൽ പൊലീസ് പിടികൂടി. പിടിച്ചെടുക്കുന്ന വാഹനങ്ങൾക്ക് നിയമാനുസൃതമായ പിഴ ഈടാക്കും. പിന്നീട് യഥാർത്ഥ രൂപം പുന:സ്ഥാപിച്ചശേഷമേ വാഹനം ഉപയോഗിക്കാൻ അനുമതി നൽകൂവെന്ന് സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചു.