കൊച്ചി: ബഹിരാകാശരംഗത്ത് ഇന്ത്യയുടെ പുരോഗതിക്ക് നിർണായക പങ്കുവഹിച്ച ഐ.എസ്.ആർ.ഒയുടെ നേതൃത്വം ഇപ്പോൾ മലയാളിക്കാണെന്നതിൽ കേരളത്തിന് അഭിമാനിക്കാമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. പ്രൊഫ.എം.കെ. സാനു ഫൗണ്ടേഷന്റെയും ചാവറ കൾച്ചറൽ സെന്ററിന്റേയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച എം.കെ. സാനു ഗുരുപ്രസാദ പുരസ്‌കാര വിതരണച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗുരുപ്രസാദ പുരസ്‌കാരം എം.കെ. സാനു ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ.എസ്. സോമനാഥന് സമ്മാനിച്ചു. എം.കെ. സാനുവിന്റെ കൈപ്പടയിൽ എഴുതിയ മെമന്റോയാണ് പുരസ്‌കാരം. ഫൗണ്ടേഷൻ ചെയർമാൻ എം. തോമസ് മാത്യു അദ്ധ്യക്ഷത വഹിച്ചു.
ചാവറ കൾച്ചറൽ സെൻറർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ്, ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി പി.ജെ. ചെറിയാൻ, വൈസ് ചെയർമാൻ എം.എസ്. രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു.