കൊച്ചി: നഗരത്തിൽ ഓടയുടെ സ്ലാബിൽ യാത്രക്കാരിയുടെ കാൽ കുടുങ്ങിയ സംഭവത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ. മാദ്ധ്യമ വാർത്തയെത്തുടർന്ന് സ്വമേധയ കേസെടുത്ത കോടതി വിശദീകരണം തേടി. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് അമിക്കസ് ക്യൂറി വഴി വിശദീകരണം തേടിയത്. വിഷയം കോടതി നാളെ പരിഗണിക്കും.

പാലാരിവട്ടത്ത് നിർമ്മാണത്തിലിരിക്കുന്ന ഓടയുടെ സ്ലാബിനിടയിലാണ് ഇന്നലെ രാവിലെ യാത്രക്കാരിയുടെ കാൽ കുടുങ്ങിയത്. കാക്കനാട്ടേക്കുള്ള മെട്രോലൈൻ നിർമ്മാണത്തിന്റെ ഭാഗമായിട്ടാണ് പാലാരിവട്ടത്ത് കാനകളുടെ സ്ലാബ് നീക്കിയിട്ടിരിക്കുന്നത്. ഇവിടെ മുമ്പ് റോഡിലെ കുഴിയിൽവീണ് യാത്രക്കാരൻ മരിക്കാനിടയായ സംഭവത്തിൽ സ്വമേധയാ എടുത്ത കേസ് നിലവിൽ കോടതിയുടെ പരിഗണനയിലുണ്ട്. ദുരന്തം ആവർത്തിക്കാതിരിക്കാൻ റോഡും നടപ്പാതകളും സുരക്ഷിതമായിരിക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് കോടതി പലതവണ ഓർമ്മിപ്പിച്ചിരുന്നു. അതിനിടയിലാണ് ഇന്നലത്തെ സംഭവം.