1
ചെല്ലാനത്ത് നടന്ന വഞ്ചനാദിനാചരണത്തിൽ സി.ആർ. നീലകണ്ഠൻ സംസാരിക്കുന്നു

ചെല്ലാനം: കൊച്ചി തീരത്തെ കടൽകയറ്റ പ്രശ്നത്തിന് പരിഹാരമായി രണ്ടാംഘട്ട ടെട്രാപോഡ് കടൽഭിത്തി നിർമ്മാണം കഴിഞ്ഞ വർഷം നവംബറിൽ ആരംഭിക്കുമെന്ന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ പാഴായ പ്രഖ്യാപനത്തിന്റെ ഒന്നാം വാർഷികം ചെല്ലാനം-കൊച്ചി ജനകീയ വേദി വഞ്ചനാദിനമായി ആചരിച്ചു. ജനകീയ വേദിയുടെ കണ്ണമാലി സമരപന്തലിൽ നടന്ന പരിപാടി പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു .ചെല്ലാനം കൊച്ചി തീരത്തെ രണ്ടാംഘട്ട പദ്ധതി നടപ്പാക്കാൻ സാമ്പത്തിക പ്രതിസന്ധി തടസമെന്ന് പറയുന്ന സർക്കാർ, കടൽകയറ്റ പ്രശ്ന പരിഹാരത്തിന് കൊച്ചി തുറമുഖം വർഷം മുഴുവൻ ഡ്രഡ്ജ് ചെയ്ത് പുറംകടലിൽ തള്ളുന്ന മണ്ണും ചെളിയും തീരത്ത് നിക്ഷേപിച്ച് തീര പുനർനിർമ്മാണം നടത്തണമെന്ന ജനകീയ വേദി നിർദേശം നടപ്പിലാക്കാൻ എന്തുകൊണ്ട് തയ്യാറാകുന്നില്ലെന്ന് സി.ആർ. നീലകണ്ഠൻ ചോദിച്ചു. കോടികളുടെ പദ്ധതികളിലാണ് സർക്കാരിന് താൽപ്പര്യം. യാതൊരുവിധ സാമ്പത്തിക ചെലവുമില്ലാത്ത ജനകീയ വേദിയുടെ നിർദ്ദേശത്തിന് നേരെ സർക്കാർ പുറംതിരിഞ്ഞു നിൽക്കാൻ കാരണമിതാണെന്നും അദ്ദേഹം ആരോപിച്ചു. അശാസ്ത്രീയമായി നടപ്പിലാക്കിയ ഒന്നാം ഘട്ട പദ്ധതിയുടെ ഇരകളായി പുത്തൻതോട് മുതൽ വടക്കോട്ടുള്ള തീരത്തെ ജനങ്ങൾ മാറിയെന്നും നീലകണ്ഠൻ പറഞ്ഞു.

ചെല്ലാനം കൊച്ചി ജനകീയ വേദി ജനറൽ കൺവീനർ വി.ടി. സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. തുഷാർ നിർമൽ സാരഥി, ഫാ. ഡോ. ആന്റണീറ്റോ പോൾ, ഫാ. ജോൺ കളത്തിൽ, സുജ ഭാരതി, ഷിജി തയ്യിൽ, ജോസഫ് അറയ്ക്കൽ, സൂസൻ സെബാസ്റ്റ്യൻ,മെറ്റിൽഡ ക്ലീറ്റസ്, റീന സാബു, ജോസി കുരിശിങ്കൽ, പി.വി. പീറ്റർ, പുഷ്പി ജോസഫ് തുടങ്ങിയവർ സംസാരിച്ചു.