ത്വക്കിന്റെ സാമ്പിളുകൾ ശേഖരിച്ചു
കൊച്ചി: അങ്കമാലി അങ്ങാടിക്കടവ് പറക്കുളത്ത് നാലംഗ കുടുംബം കിടപ്പുമുറിയിൽ വെന്തുമരിക്കാനിടയായത് എ.സിയിലെ പൊട്ടിത്തെറിയും വാതക ചോർച്ചയും മൂലമെന്ന സംശയം ബലപ്പെടുന്നു. ഇലക്ട്രിക്കൽ വിദഗ്ദ്ധർ നടത്തിയ പ്രാഥമിക പരിശോധനയിൽ ഷോർട്ട് സർക്യൂട്ട് ലക്ഷണങ്ങൾ കണ്ടെത്തിയില്ല. യഥാർത്ഥ കാരണം അറിയാൻ ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ ലഭിക്കണം. ഇന്നോ നാളെയോ പ്രാഥമിക ഫലങ്ങൾ ലഭിച്ചേക്കും. മലഞ്ചരക്ക് വ്യാപാരി അയ്യമ്പിള്ളി വീട്ടിൽ ബിനീഷ് കുര്യൻ (45), ഭാര്യ അനുമോൾ (40) മക്കളായ ജൊവാന (8), ജെസ്‌വിൻ (6) എന്നിവരാണ് ശിനയാഴ്ച പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ മരിച്ചത്. നാലുപേരുടെയും ത്വക്കിന്റെയടക്കം സാമ്പിളുകൾ ഇന്നലെ ശേഖരിച്ചു.
11 വർഷം മുമ്പ് വിപണിയിലിറങ്ങിയ എ.സിയാണ് മുറിയിലുണ്ടായിരുന്നത്. എ.സിയിലെ ഗ്യാസ് ചോർച്ച മരണകാരണമാകാമെന്നും തകരാറിലായാൽ എ.സിക്ക് ചൂടുകൂടി പൊട്ടിത്തെറിക്കാമെന്നും വിദഗ്ദ്ധർ പറയുന്നു. എ.സിയിൽ നിന്ന് വാതകം ശ്വസിച്ച് ബോധരഹിതരായതാവാം രക്ഷപ്പെടാൻ കഴിയാത്ത അവസ്ഥയിൽ എത്തിച്ചതെന്നാണ് വിലയിരുത്തൽ. മരിച്ചവരുടെ ശ്വാസകോശത്തിൽ പുകയുടെ അംശമുള്ളതായി പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പറയുന്നത് ഇതിന്റെ സൂചനയാണ്. മുറിക്കുള്ളിൽ കനത്ത പുക നിറഞ്ഞിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ഒരേ കല്ലറയിൽ അന്ത്യനിദ്ര
അങ്കമാലി: കിടപ്പുമുറിയിൽ വെന്തുമരിച്ച നാലംഗ കുടുംബത്തിന് അങ്കമാലി സെന്റ് മേരീസ് കത്തീഡ്രൽ സെമിത്തേരിയിൽ ഒരേ കല്ലറയിൽ അന്ത്യവിശ്രമം. അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരങ്ങൾ ഇന്നലെ അയ്യമ്പിള്ളി വീട്ടിലെത്തി.
രാവിലെ 10.45ഓടെ മൃതദേഹവും വഹിച്ചുള്ള ആംബുലൻസുകൾ വീട്ടിൽ എത്തിയതോടെ തേങ്ങലുകൾ ഉയർന്നു. ബിനീഷിന്റെ അമ്മ ചിന്നമ്മ, സഹോദരി ബിന്ദു, സഹോദര ഭാര്യ ഐമി, അനുമോളുടെ പിതാവ് മാത്യു, അമ്മ ചാച്ചമ്മ എന്നിവർ വീട്ടിലുണ്ടായിരുന്നു.
മെത്രാപ്പോലീത്തമാരായ എബ്രഹാം മാർ സേവേറിയോസ്, ഏല്യാസ് മാർ അത്താനാസിയോസ്, മാത്യൂസ് മാർ അപ്രേം, ഏല്യാസ് മാർ യൂലിയോസ്, മാത്യൂസ് മാർ ഈവാനിയോസ്, ഐസക് മാർ ഒസ്ത്താത്തിയോസ്, മാത്യൂസ് മാർ അന്തിമോസ് എന്നിവർ കാർമികത്വം വഹിച്ചു. മുൻ എം.പി കെ.പി. ധനപാലൻ, റോജി എം. ജോൺ എം.എൽ.എ., മുൻ മന്ത്രി ജോസ് തെറ്റയിൽ, മുൻ എം.എൽ.എ. പി.ജെ. ജോയി, അങ്കമാലി നഗരസഭ ചെയർമാൻ മാത്യു തോമസ് തുടങ്ങിയവർ ആദരാഞ്ജലികളർപ്പിച്ചു.