t
തലക്കോട് ഗുരുദേവ മണ്ഡപത്തിലെ ലൈറ്റുകൾ തകർത്തതിൽ പ്രതിഷേധിച്ച് സംഘടിപ്പിച്ച യോഗം കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ ഉദ്ഘാടനം ചെയ്യുന്നു.

ചോറ്റാനിക്കര: എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ കണയന്നൂർ ശാഖയിലെ തലക്കോട് വയൽവാരം കുടുംബയൂണിറ്റ് സ്ഥാപിച്ച ഗുരുദേവ മണ്ഡപത്തിലെ ബൾബുകൾ അജ്ഞാതർ തകർത്തു. ഞായറാഴ്ച പുലർച്ചെയാണ് സംഭവം. ശാഖാ ഭാരവാഹികളുടെ പരാതിയിൽ ചോറ്റാനിക്കര പൊലീസ് അന്വേഷണം ആരംഭിച്ചു.

കണയന്നൂർ യൂണിയന്റെ നേതൃത്വത്തിൽ ഇന്നലെ വൈകിട്ട് ചേർന്ന പ്രതിഷേധ യോഗം യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. ഇന്ന് ബൾബുകൾ തകർത്തവർ നാളെ മണ്ഡപം തകർക്കാൻ സാദ്ധ്യതയുണ്ടെന്നും പൊലീസ് കൃത്യമായി അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നടപടി ഉണ്ടായില്ലെങ്കിൽ യൂണിയന് കീഴിലുള്ള 66 ശാഖകളും ഏതറ്റം വരെയും പോകാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

കണയന്നൂർ ശാഖാ പ്രസിഡന്റ് എം.ഡി. ബിജു അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൺവീനർ എം.ഡി. അഭിലാഷ്, എ.ഐ. സുരേന്ദ്രൻ, സി.കെ. സന്തോഷ്, എ. രാജേന്ദ്രൻ, വി.കെ. അനിൽ എന്നിവർ സംസാരിച്ചു.

അക്രമികളെ കണ്ടെത്തണമെന്ന് പ്രമേയം പാസാക്കിയും ശ്രീനാരായണമണ്ഡപം കാത്തുസൂക്ഷിക്കാൻ ശ്രീനാരായണീയർ പ്രതിജ്ഞാബദ്ധരാണെന്ന് പ്രതിജ്ഞ ചൊല്ലിയുമാണ് സമ്മേളനം അവസാനിച്ചത്.