കൊച്ചി: തുടർച്ചയായ മഴയിൽ കുഴികൾ രൂപപ്പെട്ട് തകർന്ന ചിറ്റൂർ റോഡിന്റെ ദുരിതാവസ്ഥയ്ക്ക് ശാപമോക്ഷം. എറണാകുളം സൗത്ത് റെയിൽവേ സ്‌റ്റേഷനിലേക്ക് തിരിയുന്നിടം മുതൽ അമ്മൻകോവിൽ റോഡിലേക്ക് തിരിയുന്ന ഇടം വരെയുള്ള കുഴികൾ ഇന്നലെയാണ് നഗരസഭ അടച്ചത്.
മഴയ്ക്ക് പിന്നാലെ ചിറ്റൂർ റോഡിലെ വിവിധയിടങ്ങളിൽ ടാറിംഗ് തകർന്ന് കുഴികൾ രൂപപ്പെട്ടത് സംബന്ധിച്ച് കേരളകൗമുദി കഴിഞ്ഞ ദിവസങ്ങളിൽ നൽകിയ വാർത്തകളെത്തുടർന്നാണ് നടപടി. മുല്ലശേരി കനാലിന്റെ നിർമ്മാണജോലികൾ നടക്കുന്ന ഭാഗത്തെ ഇടറോഡുകളിലെ കുഴികളും അടച്ചിട്ടുണ്ട്. കാര്യമായി തകർന്ന ഭാഗങ്ങൾ താത്കാലികമായി കോൺക്രീറ്റ് ചെയ്തു.
* വേണ്ടത് ശാശ്വതപരിഹാരം
ഇപ്പോഴത്തെ കുഴിയടപ്പ് താത്കാലികപരിഹാരം
വലിയ മഴക്കാലം വരാനിരിക്കെ റീ ടാറിംഗ് വേണം
ഫണ്ടിന്റെ അപര്യാപ്തത നഗരസഭയ്ക്കും വെല്ലുവിളി
നേരത്തെ ചിറ്റൂർറോഡിന്റെ കച്ചേരിപ്പടി മുതൽ വളഞ്ഞമ്പലം വരെയുള്ള ഭാഗം 2023-24 സാമ്പത്തിക വർഷത്തിൽ റീടാറിംഗ് നടത്താൻ പദ്ധതിയിട്ടിരുന്നു. സി.എസ്.എം.എൽ ഇതനുസരിച്ച് ടെൻഡർ വിളിച്ചു. കോഴിക്കോട് സ്വദേശി കരാറെടുത്തു. എന്നാൽ 2024 മാർച്ചിനുമുന്നേ ജോലികൾ തീർക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി അവർ കരാറിൽനിന്ന് പിന്മാറിയതോടെ പദ്ധതി മുടങ്ങി.
കുഴികൾ വേഗത്തിലടയ്ക്കണം
അടിയന്തരമായി കുഴികൾ അടയ്ക്കണം. ഇതനുസരിച്ചുള്ള നടപടികളാണ് ഇന്നലെ മുതൽ ആരംഭിച്ചത്. റീ ടാറിംഗ് ഉൾപ്പെടെയുള്ള കാര്യങ്ങൾ അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കും
എം. അനിൽകുമാർ
മേയർ
കുഴികൾ അടച്ചതുകൊണ്ടായില്ല. റീ ടാർചെയ്ത് പ്രശ്‌നത്തിന് ശാശ്വതപരിഹാരം കാണണം.
അനൂപ്
വ്യാപാരി