 
കൊച്ചി: ബംഗളൂരുവിലേക്കുള്ള പുതിയ വന്ദേഭാരത് എക്സ്‌പ്രസ് ട്രെയിൻ സർവീസിനായി കൊച്ചി കാത്തിരിക്കുന്നു. കൊച്ചി - ബംഗളൂരു വന്ദേഭാരത് സർവീസിനായി റെയിൽ അധികൃതർ കൊച്ചിയിൽ ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. ഏപ്രിലിൽ എത്തിച്ച പുത്തൻ റേക്ക് കൊച്ചുവേളിയിൽ കമ്മിഷൻ ചെയ്ത ശേഷം ഒരു മാസത്തിലേറെയായി കൊല്ലത്ത് ഇട്ടിരിക്കുകയായിരുന്നു. വെറുതേ കിടന്ന് ബാറ്ററി ചാർജ് തീർന്ന പുത്തൻ വന്ദേഭാരത് ഇന്നലെ കൊച്ചുവേളിയിൽ നിന്ന് പ്രത്യേകസംഘമെത്തി റീചാർജ് ചെയ്തു. ഇനി വീണ്ടും കൊച്ചുവേളിയിൽ കൊണ്ടുപോയി ഒന്നുകൂടി കമ്മിഷൻ ചെയ്യുമെന്നാണ് സൂചന. ഉടൻ സർവീസ് ആരംഭിക്കാനുള്ള നടപടികളിലേക്ക് തിരുവനന്തപുരം ഡിവിഷൻ നടപടികൾ തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം.
മംഗലാപുരത്തും തിരുവനന്തപുരത്ത് കൊച്ചുവേളിയിലുമാണ് വന്ദേഭാരതുകൾക്ക് ഇപ്പോൾ യാർഡുകൾ. ദിവസവും ആധുനിക ട്രെയിനുകൾ വൃത്തിയാക്കുന്നതും അറ്റകുറ്റപ്പണികൾ നടത്തുന്നതും ഇവിടെയാണ്. വൈറ്റിലയിലെ പൊന്നുരുന്നി മാർഷലിംഗ് യാർഡിലാണ് പുതിയ ബംഗളൂരു വന്ദേഭാരത് ദിവസവും സർവീസ് ചെയ്യാൻ നിശ്ചയിച്ചിരുന്നത്. ഡീസൽ ട്രെയിനുകളുടെ സർവീസ് നടത്തുന്ന ഇവിടുത്തെ ഒരു പിറ്റ് ലൈൻ വന്ദേഭാരതിന് മാറ്റി. ഇതിലേക്ക് വൈദ്യുതി കണക്ഷൻ വലിച്ചു. ഡീസൽ വിഭാഗത്തിലെ ആറ് ജീവനക്കാരെ ഈ വിഭാഗത്തിലേക്ക് മാറ്റി. വന്ദേഭാരതിന്റെ വരവ് വൈകുന്നതിനാൽ ഈ പിറ്റിൽ ഇപ്പോൾ ഡീസൽ ട്രെയിനുകളുടെ സർവ്വീസാണ് നടത്തുന്നത്.
കേരളത്തിൽ ഇപ്പോൾ തിരുവനന്തപുരവും മംഗലാപുരവും കേന്ദ്രീകരിച്ച് രണ്ട് വന്ദേഭാരതുകളാണ് സർവ്വീസ് നടത്തുന്നത്. തിരുവനന്തപുരത്ത് നിന്നുള്ള ട്രെയിൻ കോട്ടയം വഴിയും മംഗലാപുരത്ത് നിന്നുള്ളത് ആലപ്പുഴ വഴിയുമാണ് ഓടുന്നത്. രാവിലെ കൊച്ചിയിൽ നിന്ന് യാത്ര ആരംഭിച്ച് ബംഗളൂരുവിൽ ചെന്ന് രാത്രി തിരികെ എത്തുന്ന തരത്തിലാണ് പുതിയ സർവ്വീസിന്റെ ആലോചന. രാവിലെ കൊച്ചിയിലെത്തുന്ന വിധവും രാത്രി ബംഗളൂരുവിലേക്കും സർവീസ് വേണമെന്നാണ് ആവശ്യം ഉയരുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് ഹൈബി ഈഡൻ എം.പി. റെയിൽവേ അധികൃതർക്ക് കത്തും നൽകിയരുന്നു. സമയക്രമം മാറ്റുമോ എന്ന് വ്യക്തമായിട്ടില്ല.
• പാരയായത് പെരുമാറ്റച്ചട്ടം
തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങൾ നിലനിന്നിതിനാലാണ് കൊച്ചി - ബംഗളൂരു സർവീസ് അനിശ്ചിതത്വത്തിലായത്. ഇനി പുതിയ മന്ത്രിമാർ അധികാരമേറ്റ ശേഷം വൈകാതെ തീരുമാനമാകുമെന്നാണ് പ്രതീക്ഷ.
• റൂട്ട് ആയിട്ടില്ലെന്ന് റെയിൽവേ
പുതിയ വന്ദേഭാരത് ട്രെയിൻ അനുവദിച്ചിട്ടുണ്ടെങ്കിലും ഏത് റൂട്ടിലേക്കാണെന്ന് അറിയിപ്പ് ലഭിച്ചിട്ടില്ല.
റെയിൽവേ അധികൃതർ