കൊച്ചി: മണപ്പുറം മൾട്ടിബില്യണയർ ബിസിനസ് അച്ചീവർ (എം.ബി.എ) അവാർഡ് സൺറൈസ് ഹോസ്പിറ്റൽസ് ചെയർമാൻ ഡോ. ഹഫീസ് റഹ്മാന് സമ്മാനിച്ചു. ലേ മെറിഡിയൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ മണപ്പുറം ഫിനാൻസ് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ വി.പി. നന്ദകുമാർ പുരസ്‌കാരം സമ്മാനിച്ചു.
ഗോകുലം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഗോകുലം ഗോപാലൻ, പെഗാസസ് ചെയർമാൻ അജിത് രവി എന്നിവർ പങ്കെടുത്തു. അവാർഡ് നേട്ടത്തോടെ ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ലബ്ബായ ഫെഡറൽ ഇന്റർനാഷണൽ ചേംബർ ഫോറത്തിൽ (എഫ്.ഐ.സി.എഫ്) ഡോ. റഹ്മാന് അംഗത്വം ലഭിക്കും. ആയിരം കോടി രൂപ ആസ്തിയും സാമൂഹികപ്രതിബദ്ധതയുമുള്ള ബിസിനസുകാരും എം.ബി.എ അവാർഡ് ജേതാക്കളും ഉൾപ്പെടുന്നതാണ് എഫ്.ഐ.സി.എഫ്.
വി.പി. നന്ദകുമാർ, ജോയ് ആലുക്കാസ്, എം.എ. യൂസഫലി, ടി.എസ്. കല്യാണരാമൻ, പി.എൻ.സി. മേനോൻ, ഗോകുലം ഗോപാലൻ, ഡോ. രവി പിള്ള, എം.പി രാമചന്ദ്രൻ, കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, സാബു എം. ജേക്കബ്, ഡോ. വിജു ജേക്കബ്, ഡോ.എ.വി. അനൂപ്, ഡോ. വർഗീസ് കുര്യൻ, അഡ്വ. പി. കൃഷ്ണദാസ് തുടങ്ങിയവരാണ് മുൻ എം.ബി.എ അവാർഡ് ജേതാക്കൾ.