തോപ്പുംപടി: 52 ദിവസത്തെ ട്രോളിംഗ് നിരോധനം നിലവിൽ വന്നതോടെ സംസ്ഥാനത്തെ 3600 ബോട്ടുകൾ അറ്റകുറ്റപ്പണികൾക്കായി യാർഡുകളിലേക്ക്. മൽസ്യബന്ധനത്തിന് പോകാൻ പറ്റാതായതോടെ തൊഴിലാളികളി​ൽ ചി​ലർ വലകളുടെയും മറ്റു അറ്റകുറ്റപ്പണികളി​ൽ ഏർപ്പെട്ടി​രി​ക്കുന്നു. പലരും ജീവി​ക്കാനായി​ മറ്റ് തൊഴി​ലുകളി​ലേക്ക് ചേക്കേറുകയാണ്. ട്രോളിംഗ് കാലയളവി​ൽ ഇവരുടെ ജീവി​തം കടുത്ത ദുരി​തത്തി​ലാണ്.

യാർഡിൽ ഒരുബോട്ട് കയറ്റിയാൽ വൻതുകയാണ് ഉടമകൾക്ക് ചെലവാകുന്നത്. ബ്ലേഡ് പലിശയ്ക്കും വട്ടിക്കാരുടെ കൈയിൽനിന്നും കൂടിയ പലിശയ്ക്കാണ് ഇവർ പണം കണ്ടെത്തുന്നത്. കൊച്ചി ഹാർബറിൽ അടുക്കുന്ന എല്ലാ ബോട്ടുകളും വിവിധ യാർഡുകളിൽ ഉ‌ൗഴംകാത്തുകിടക്കുകയാണ്. വലകൾ പുറത്തുകൊടുത്ത് നന്നാക്കാൻ പണം ഇല്ലാത്തതിനെത്തുടർന്ന് ഹാർബറുകളിലിരുന്ന് ബോട്ടുതൊഴിലാളികൾ തന്നെയാണ് ഇവ ചെയ്യുന്നത്. സ്കൂൾ തുറക്കുന്ന മാസമായതിനാൽ മത്‌സ്യത്തൊഴിലാളികൾക്ക് ചെലവ് താങ്ങാവുന്നതിലും അപ്പുറമാണ്.

നിരോധനകാലയളവ് കഴിഞ്ഞ് കൊച്ചിയിലെത്തുന്ന തൊഴിലാളികൾ കടലിൽനിന്ന് ചാകരക്കോളാണ് പ്രതീക്ഷിക്കുന്നത്. ചൂട് കൂടിയതിനെത്തുടർന്ന് അന്യസംസ്ഥാനത്തേക്ക് പോയ മീനുകൾ കൂടുതൽ മഴ ലഭിച്ചതിനാൽ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണിവർ. സാധാരണ കരിക്കാടി ചെമ്മീൻ. അയല, ചാള, കിളിമീൻ എന്നിവയാണ് ഇവർക്ക് വൻതോതിൽ ലഭിച്ചിരുന്നത്.

തൊഴിലാളികൾ മറ്റ് ജോലികൾക്ക്

* ഹാർബർ മേഖലയുമായി ബന്ധപ്പെട്ട് കഴിയുന്ന നിരവധി തൊഴിലാളികളും വറുതിയിലായി.

* പലരും ഇതിനോടകം തന്നെ കൂലിപ്പണിയുൾപ്പെടെ മറ്റ് ജോലികൾക്ക് കയറിത്തുടങ്ങി.

52 ദിവസത്തെ സൗജന്യറേഷനും മറ്റും കാലതാമസം കൂടാതെ തൊഴിലാളികൾക്ക് നൽകണം. ജില്ലയിലെ അന്യസംസ്ഥാന ബോട്ടുകൾ തമിഴ്നാട് ഹാർബറിലേക്ക് ചേക്കേറി. നിരോധനസമയത്ത് കടലിൽനിന്ന് പൊടിമീനിനെ വാരിക്കൊണ്ടുപോകുന്ന അന്യസംസ്ഥാനക്കാർക്ക് വിലക്ക് ഏർപ്പെടുത്തണം.

സംസ്ഥാന ബോട്ടുടമ അസോസിയേഷൻ