തൃപ്പൂണിത്തുറ: വീടുകളിൽനിന്ന് ഹരിതകർമസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം നഗരസഭ യഥാസമയം നീക്കംചെയ്യണമെന്ന് ട്രൂറ തിരുവാങ്കുളം മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. പെരുന്നിനാകുളം, കൊല്ലൻപടി, ചിത്രപ്പുഴ എന്നീ ഭാഗങ്ങളിൽ പ്ലാസ്റ്റിക് മാലിന്യം റോഡരികിൽ ചിതറിക്കിടക്കുന്നു. നഗരസഭയുടെ നിർദ്ദേശപ്രകാരം വീടുകളിൽ കഴുകി ഉണക്കിയ പ്ലാസ്റ്റിക് മാലിന്യമാണ് മഴയത്ത് നനഞ്ഞൊലിച്ച് റോഡിൽ കിടക്കുന്നത്. ഹരിതകർമസേന യൂസർഫീ വാങ്ങി ശേഖരിക്കുന്ന ഖരമാലിന്യങ്ങൾ പ്രദേശത്തുനിന്ന് മാറ്റാനുള്ള ഏർപ്പാട് ചെയ്യണമെന്ന് ട്രൂറ മേഖല കമ്മിറ്റി പ്രസിഡന്റ് പി.എം. വിജയനും സെക്രട്ടറി എം.എസ്. നായരും ആവശ്യപ്പെട്ടു.