കൊച്ചി: പെരിയാറിലെ മത്സ്യക്കുരുതിയെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി പ്രത്യേക സമിതിക്ക് രൂപം നൽകി. പരിസ്ഥിതി വകുപ്പ് സെക്രട്ടറി, കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് റീജിയണൽ ഡയറക്ടർ, സംസ്ഥാന മലീനികരണ നിയന്ത്രണ ബോർഡ് റീജിയണൽ ഡയറക്ടർ എന്നിവരാണ് അംഗങ്ങൾ. മത്സ്യങ്ങൾ ചത്തുപൊങ്ങിയ പാതാളം ബണ്ട് മേഖല സന്ദർശിച്ച് റിപ്പോർട്ട് നൽകാനാണ് ചീഫ് ജസ്റ്റിസ് എ.ജെ. ദേശായി, ജസ്റ്റിസ് വി.ജി. അരുൺ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം. അമിക്കസ് ക്യൂറിയും ഹർജിക്കാരും പരിശോധനാ സമയത്ത് സമിതിയോടൊപ്പം ഉണ്ടാകണം.
വിഷയം ജൂലായ് മൂന്നിന് കോടതി വീണ്ടും പരിഗണിക്കും. പെരിയാറിലെ മലിനീകരണത്തിന് പരിഹാരം തേടി എറണാകുളം സ്വദേശി കെ.എസ്.ആർ.മേനോൻ അടക്കം ഫയൽ ചെയ്ത ഹർജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.
വെളളത്തിൽ ഓക്‌സിജന്റെ അളവിലുണ്ടായ കുറവാണ് മത്സ്യങ്ങൾ ചത്തുപൊങ്ങാൻ കാരണമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് കഴിഞ്ഞദിവസം കോടതിയെ അറിയിച്ചിരുന്നു. പാതാളം ബണ്ട് വേനൽക്കാലത്ത് പൂർണമായും അടയ്‌ക്കുമ്പോൾ അടിഞ്ഞുകൂടുന്ന ജൈവമാലിന്യമാണ് ഇതിന് കാരണമെന്നും വിശദീകരിച്ചിരുന്നു.
എന്നാൽ പെരിയാറിലെ വെള്ളത്തിൽ അമോണിയ, ഹൈഡ്രജൻ സൾഫൈഡ് എന്നിവയുടെ സാന്നിദ്ധ്യമുണ്ടെന്ന് കുഫോസിന്റെ പഠനത്തിൽ വ്യക്തമായി. ഇതെല്ലാം പരിഗണിച്ചാണ് ഹൈക്കോടതി പ്രത്യേക സമിതിക്ക് രൂപം നൽകിയത്.