അങ്കമാലി: അങ്കമാലിയിൽ വീടിന് തീപിടിച്ച് കുടുംബത്തിലെ നാലുപേർ വെന്തുമരിച്ച സംഭവത്തിൽ വിവിധ ഏജൻസികളുടെ റിപ്പോർട്ട് കാത്ത് പൊലീസ്. ശാസ്ത്രീയ കുറ്റാന്വേഷണ വിഭാഗവും വിരലടയാള വിദഗ്ദ്ധരും ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റും ഡോഗ് സ്‌ക്വാഡുമെല്ലാം വീട്ടിൽ പരിശോധന നടത്തിയിരുന്നു. ഒരാഴ്ചക്കകം റിപ്പോർട്ടുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
മരിച്ച നാലുപേരുടെയും ആന്തരികാവയവങ്ങളുടെ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഇത് പരിശോധനയ്ക്ക് അയച്ചു. രാസപരിശോധനാ ഫലംകൂടി ലഭിച്ചാൽ മാത്രമേ യഥാർത്ഥ കാരണം വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു.
എ.സിയിലെ ചെറു പൊട്ടിത്തെറിയും വാതക ചോർച്ചയുമാണ് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. കിടപ്പുമുറിയിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടായതിന്റെ ലക്ഷങ്ങൾ ഒന്നുമില്ല. ഇതാണ് എ.സിയെ കേന്ദ്രീകരിച്ചുള്ള സൂക്ഷ്മപരിശോധനയ്ക്ക് വഴിതുറന്നത്.
പറക്കുളം റോഡിൽ അയ്യമ്പിള്ളി വീട്ടിൽ പരേതനായ എ.പി. കുര്യച്ചന്റെ മകൻ ബിനീഷ് കുര്യൻ (45), ഭാര്യ അനുമോൾ മാത്യു (40), മക്കളായ ജൊവാന (8), ജെസ്‌വിൻ (6) എന്നിവരാണ് ശനിയാഴ്ച പുലർച്ചെ കിടപ്പുമുറിയിലുണ്ടായ തീപിടിത്തത്തിൽ മരിച്ചത്. ബിനീഷിന് സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
എ.സിയിൽ നിന്ന് തീ പടർന്നതാണോയെന്ന് വ്യക്തമല്ല. തീ പുറത്തു നിന്നു വന്നതാണോയെന്ന സാദ്ധ്യതയും കണ്ടെത്തിയിട്ടില്ല. പരിശോധനാ ഫലം വരാതെ ഒന്നും പറയാനാകില്ല
- ഡോ. വൈഭവ് സക്‌സേന
റൂറൽ എസ്.പി