നെടുമ്പാശേരി: ഇന്ത്യൻ പാസ്‌പോർട്ട് തരപ്പെടുത്തി അബുദാബിക്ക് കടക്കാൻ ശ്രമിച്ച ബംഗ്ലാദേശ് സ്വദേശി സെയ്ദുർ മൊല്ല കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എമിഗ്രേഷൻ വിഭാഗത്തിന്റെ പിടിയിലായി.

എമിഗ്രേഷൻ പരിശോധനയ്ക്കിടെ സംശയം തോന്നിയതിനെത്തുടർന്ന് വിശദമായി ചോദ്യംചെയ്തപ്പോഴാണ് വ്യാജപാസ്പോർട്ടാണെന്ന് വ്യക്തമായത്. തുടർന്ന് മൊബൈൽഫോൺ പരിശോധിച്ചപ്പോൾ ബംഗ്ലാദേശുമായി ബന്ധപ്പെട്ട ഒട്ടേറെ രേഖകളും ചെക്ക്ബുക്കും അവിടത്തെ മദ്രസവിവരങ്ങളും കണ്ടെത്തി. 2018 ഫെബ്രുവരിയിൽ വ്യാജരേഖകൾ നൽകി പൂനെയിൽനിന്ന് തരപ്പെടുത്തിയതാണ് പാസ്‌പോർട്ടെന്ന് തെളിഞ്ഞു.

നെടുമ്പാശേരി പൊലീസ് മുഖേന പ്രതിയെ ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റുവാങ്ങും.