1
കോൺഗ്രസ് പ്രവർത്തകർ സൂപ്രണ്ടിനെ തടഞ്ഞുവച്ചപ്പോൾ

മട്ടാഞ്ചേരി: ശക്തമായ പനിയുമായി കരുവേലിപ്പടി സർക്കാർ ആശുപത്രിയിൽ എത്തിയ അമ്മയ്ക്കും മകനും ചികിത്സ നിഷേധിച്ചതായി പരാതി. ചുള്ളിക്കൽ സ്വദേശിനി ശബ്ന നൗഷാദാണ് പരാതിക്കാരി. ഞായറാഴ്ചയാണ് സംഭവം.

ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറെ കണ്ട് വിവരങ്ങൾ പറഞ്ഞിട്ടും പരിശോധിക്കാതെ ഗുളികമാത്രം എഴുതി കൊടുക്കുകയും ഞായറാഴ്ച ആയതിനാൽ അടുത്തദിവസം വന്നാൽ മതിയെന്ന് പറഞ്ഞ് വിടുകയായിരുന്നുവെന്നാണ് പരാതി. അവശനിലയിലായ ഇവർ രക്തസമ്മർദ്ദം പരിശോധിക്കാൻ ആവശ്യപ്പെട്ടെങ്കിലും അടുത്തദിവസം വന്നാൽ മതിയെന്ന് ഡോക്ടർ ആവർത്തിക്കുകയായിരുന്നും പരാതിയിൽ പറയുന്നു.

അവശനിലയിലായ അമ്മയും മകനും ഇന്നലെ മട്ടാഞ്ചേരി ആശുപത്രിയിൽ ചികിത്സ തേടി. അണുബാധയുണ്ടെന്നും അതിനായുള്ള മരുന്നും ആശുപത്രിയിൽ നിന്ന് നൽകിയതായി ഇവർ പറഞ്ഞു.

കരുവേലിപ്പടി ആശുപത്രി സൂപ്രണ്ടിനെ കാണാൻ ഇന്നലെ ചെന്നപ്പോൾ ആക്ഷേപിക്കുകയും ഭീഷണി സ്വരത്തിൽ സംസാരിക്കുകയും ചെയ്തുവെന്നും പരാതിയുണ്ട്. ഇതേത്തുടർന്ന് പരാതിക്കാരിയായ ശബ്ന നൗഷാദ് കുത്തിയിരുന്ന് പ്രതിഷേധിച്ചു. കോൺഗ്രസ് പ്രവർത്തകരായ ഷമീർ വളവത്ത്, ടി.എം. റിഫാസ്, ഷീജ സുധീർ, ജാസ്മിൻ പനയപ്പിള്ളി എന്നിവരും സംഭവമറിഞ്ഞ് ആശുപത്രിയിലെത്തി സൂപ്രണ്ടിനെ തടഞ്ഞുവച്ച് പ്രതിഷേധിച്ചു. പൊലീസുമെത്തി. സൂപ്രണ്ട് ഡോ. വിനോദുമായി കോൺഗ്രസ് പ്രവർത്തകർ ചർച്ചനടത്തി. ആരോപണ വിധേയനായ ഡോക്ടർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പരാതിയും നൽകി. വേണ്ട നടപടികൾ സ്വീകരിക്കാമെന്ന സൂപ്രണ്ടിന്റെ ഉറപ്പിന്മേൽ സമരം അവസാനിപ്പിച്ചു.