
കൊച്ചി: വധഭീഷണിയുണ്ടെന്ന് പറഞ്ഞ് കുടുംബത്തെ വെട്ടിലാക്കി നവവധുവും, ആ വെളിപ്പെടുത്തൽ തള്ളി പിതാവും രംഗത്തെത്തിയതോടെ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് സങ്കീർണമായി. യൂട്യൂബിലൂടെയുള്ള മകളുടെ തുറന്നുപറച്ചിലിന് പിന്നിൽ ഭർത്താവ് രാഹുലിന്റെ ഭീഷണിയുണ്ടെന്ന് നവവധുവിന്റെ പിതാവ് പറവൂർ മാല്യങ്കര സ്വദേശി ഹരിദാസ് ആരോപിച്ചു. മൊഴിമാറ്റിച്ച് രക്ഷപ്പെടാനാണ് രാഹുലിന്റെ ശ്രമം. മകൾ ഭർതൃവീട്ടുകാരുടെ കസ്റ്റഡിയിലാണെന്നും അദ്ദേഹം ആരോപിച്ചു. താൻ സുരക്ഷിതയാണെന്നും നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്നും വ്യക്തമാക്കി വധുവിന്റെ രണ്ടാമത്തെ വീഡിയോ തിങ്കളാഴ്ച രാത്രി ഇറങ്ങിയിരുന്നു. രാഹുലിനും കുടുംബത്തിനുമെതിരായ കേസ് വ്യാജമാണെന്ന് വ്യക്തമാക്കി കഴിഞ്ഞമാസം 29ന് ഹൈക്കോടതിയിൽ യുവതി നൽകിയ സത്യവാങ്മൂലവും പുറത്തുവന്നു.
പരാതി  മകൾ പറഞ്ഞിട്ട്
രാഹുലിനും വീട്ടുകാർക്കുമെതിരെ മൊഴിനൽകാൻ മകളിൽ സമ്മർദ്ദം ചെലുത്തിയിട്ടില്ലെന്ന് ഹരിദാസ് പറഞ്ഞു. മകൾ പറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് പരാതി നൽകിയത്. മകൾ ഇപ്പോൾ തങ്ങളെ സമ്മർദ്ദത്തിലാക്കി. ശനിയാഴ്ച വരെ ഫോണിൽ സംസാരിച്ചിരുന്നു. ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയത് മാദ്ധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ഇതിനും രാഹുൽ സമ്മർദ്ദം ചെലുത്തിയിട്ടുണ്ടാകും. രാഹുലിനെ പിടികൂടാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായെന്നാണ് പൊലീസ് പറഞ്ഞത്.
സുരക്ഷിതയെന്ന് യുവതി
താൻ സുരക്ഷിതയാണെന്നാണ് നവവധു പറയുന്നത്. ആരും തട്ടിക്കൊണ്ടുപോയിട്ടില്ല. വീഡിയോ സ്വന്തം ഇഷ്ടപ്രകാരം ചെയ്തതാണ്. മാനസികസമ്മർദ്ദത്താലാണ് കുറച്ചുദിവസം മാറിനിൽക്കാൻ തീരുമാനിച്ചത്. വൈകിയാണെങ്കിലും സത്യം തുറന്നുപറയണമെന്ന് തോന്നി. വധഭീഷണി പോലും നേരിട്ടു. പിതാവിന്റെ വെളിപ്പെടുത്തലുകളിൽ പ്രതികരിക്കാനില്ലെന്നും അവർ പറഞ്ഞു.
യുവതിയെ തേടി പൊലീസ്
പറവൂർ: പന്തീരാങ്കാവ് സ്ത്രീധന പീഡന കേസിൽ മൊഴിമാറ്റിയ യുവതിയെ കണ്ടെത്താൻ വടക്കേക്കര പൊലീസ് അന്വേഷണം ഊർജിതമാക്കി. ഒരാഴ്ചയായി യുവതിയെ കാണാനില്ലെന്ന് പിതാവ് പരാതി നൽകിയിരുന്നു. മൂന്ന് സംഘങ്ങളായാണ് അന്വേഷണം. യുവതി ജോലി ചെയ്യുന്ന തിരുവനന്തപുരത്തെ പ്രമുഖ ഐ.ടി കമ്പനിയിൽ നിന്ന് പൊലീസ് വിവരങ്ങൾ ശേഖരിച്ചു.
പൊലീസുകാരൻ ഹാജരായി
കോഴിക്കോട്: പന്തീരാങ്കാവിൽ നവവധുവിനെ മർദ്ദിച്ച കേസിൽ വാദിയായ യുവതി മലക്കം മറിഞ്ഞതോടെ പ്രതി ചേർക്കപ്പെട്ട സീനിയർ സിവിൽ പൊലീസ് ഓഫീസർ ശരത്ത്ലാൽ അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരായി. മൊഴി രേഖപ്പെടുത്തിയശേഷം ഇയാളെ ജാമ്യത്തിൽ വിട്ടു. അതേസമയം കേസ് റദ്ദാക്കാനുള്ള നടപടികൾ പ്രതിഭാഗം ആരംഭിച്ചു. സ്ത്രീധനം ആവശ്യപ്പെട്ടിരുന്നെന്നും മറ്റുമുള്ള ആരോപണങ്ങൾ യുവതി നിഷേധിച്ചിരുന്നു.
ഇന്നലെ ഉച്ചയോടെയാണ് ശരത്ത്ലാൽ കേസന്വേഷിക്കുന്ന ഫറോക്ക് അസി.കമ്മിഷണറുടെ ഓഫീസിൽ ഹാജരായത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ചോദ്യം ചെയ്യൽ പൂർത്തിയാക്കി ജാമ്യത്തിൽ വിടുകയായിരുന്നു. കേസിലെ ഒന്നാംപ്രതിയായ രാഹുലിനെ സ്റ്റേഷനിൽ വച്ച് പരിചയപ്പെട്ടിരുന്നതായി ശരത്ത്ലാൽ മൊഴി നൽകിയതായാണ് വിവരം. ഗാർഹിക പീഡനത്തിന് പുറമേ രാഹുലിനെതിരെ വധശ്രമക്കേസ് കൂടി ചുമത്തിയത് അറിയിക്കുകയും രക്ഷപ്പെടാനുള്ള മാർഗനിർദ്ദേശം നൽകിയത് ഇയാളാണെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ശരത്ത് ലാലിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച കോടതി സ്റ്റേഷനിൽ എത്തിയാൽ ജാമ്യം അനുവദിക്കാമെന്നും ഉത്തരവിട്ടിരുന്നു.