കൊച്ചി: മൺസൂൺ കാലത്ത് കുറഞ്ഞ ചെലവിൽ കടലും കായലും ചുറ്റിനടക്കാം. സഞ്ചാരികൾക്കായി കേരള സ്റ്റേറ്റ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ (കെ.എസ്.ഐ.എൻ.സി) സ്പെഷ്യൽ ഡിസ്കൗണ്ട് നിരക്കിൽ യാത്ര സംഘടിപ്പിക്കുന്നു. മഴക്കാലത്ത് സഞ്ചാരികൾ കുറവായതിനാൽ കൂടുതൽ പേരെ ആകർഷിക്കുകയാണ് ലക്ഷ്യം. ഇന്നുമുതൽ സ്പെഷ്യൽ ട്രിപ്പുകൾ തുടങ്ങും. ആഗസ്റ്റ് വരെയാണ് ട്രിപ്പ്.

പുറംകടലിൽ സർവീസ് നടത്തുന്ന നെഫർറ്റിറ്റി ക്രൂയിസ് ഷിപ്പിലും സാഗരറാണി ബോട്ടിലും പ്രത്യേകപാക്കേജ് ലഭിക്കും.

അറബിക്കടലിൽ 12നോട്ടിക്കൽമൈൽ വരെയാണ് നെഫർറ്റിറ്റിയുടെ യാത്ര. 1000 രൂപയുടെ ഡിസ്കൗണ്ടുണ്ട്.

യാത്രാ നിരക്കുകൾ

നെഫ‌ർറ്റിറ്റി

#സാധാരണ നിരക്ക്

പ്രവൃത്തിദിനങ്ങൾ- ₹2699, വാരാന്ത്യദിനങ്ങൾ- ₹2999, കുട്ടികൾക്ക് -₹799

ഡിസ്കൗണ്ട്- മുതിർന്നവർ- ₹1999, കുട്ടികൾ- ₹499

#സാഗരറാണി

സാധാരണ നിരക്ക്- മുതിർന്നവർക്ക്- ₹600, കുട്ടികൾക്ക്- ₹300

ഡിസ്കൗണ്ട്- മുതിർന്നവർ- ₹500, കുട്ടികൾ- ₹250

നെഫർറ്റിറ്റി യാത്ര

സംസ്ഥാനത്തെ ആദ്യ ആഡംബര കപ്പലാണ് നെഫർറ്റിറ്റി. മൂന്ന് നിലകളുള്ള കപ്പലിന് 48.5 മീറ്റർ നീളവും 14.5 മീറ്റർ വീതിയുമുണ്ട്. കുട്ടികൾക്കുള്ള കളിസ്ഥലം, ഓഡിറ്റോറിയം, സ്വീകരണഹാൾ, ഭക്ഷണശാല, 3ഡി തിയേറ്റർ എന്നിവയുണ്ട്. മീറ്റിംഗുകളും ഡി.ജെ പാർട്ടികളും നടത്താം. 400 പേർക്ക് കയറാവുന്ന ലൈഫ് റാഫ്റ്റുകളും രണ്ട് ലൈഫ് ബോട്ടുകളും സുരക്ഷയേകും. നൃത്തമടക്കമുള്ള വിനോദ പരിപാടികളുമുണ്ടാകും. രാവി​ലെ 10നും വൈകിട്ട് നാലി​നുമാണ് ട്രിപ്പ്. ഭക്ഷണവുമുണ്ടാകും.

സാഗരറാണി

എ.സി കോൺഫറൻസ് ഹാൾ, അപ്പർഡെക്ക്, റെസ്റ്റോറന്റ് എന്നീ സൗകര്യങ്ങളുള്ള ഉല്ലാസനൗകയിലെ യാത്ര.

ബിസനസ് മീറ്റിംഗുകൾ, പാർട്ടികൾ എന്നിവയ്ക്കും അനുയോജ്യം. 100 പേർക്ക് യാത്ര ചെയ്യാവുന്ന ബോട്ടാണിത്. രാവിലെ 8മുതൽ രാത്രി 10വരെ രണ്ടുമണിക്കൂർ വീതം സർവീസ് നടത്തും. യാത്രക്കാർക്ക് സ്പെഷ്യൽ ഡിസ്കൗണ്ടിൽ സ്നാക്സും ലഭിക്കും.

ബുക്കിംഗ്: www.mycruise.kerala.gov.in ഫോൺ: 9846211143, 9744601234.