വൈപ്പിൻ: വെള്ളപ്പൊക്കം, തീരശോഷണം, കാലാവസ്ഥാ വ്യതിയാനം എന്നിവ മൂലം ദുരിതത്തിലായ വൈപ്പിൻകരയെ കരകയറ്റാൻ വിവിധ പദ്ധതികൾക്ക് രൂപം നൽകിയതായി ജലസേചനമന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ വ്യക്തമാക്കി. തീരശോഷണവും കടലാക്രമണവുമായി ബന്ധപ്പെട്ട് മോഡൽ പഠനം നടത്തി റിപ്പോർട്ട് അനുയോജ്യമായ ഡിസൈൻ ലഭിക്കുന്നതിനായി എൽ.സി.സി.ആറിൽ സമർപ്പിച്ചിട്ടുണ്ട്. വൈപ്പിൻ മണ്ഡലത്തിലെ ദുരിതങ്ങൾക്ക് പരിഹാരം തേടി കെ. എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ നിയമസഭയിൽ അവതരിപ്പിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.
എട്ട് പഞ്ചായത്തുകൾ ഉൾപ്പെടുന്ന മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളും തീരദേശത്താണ്.
വല്ലാർപാടം പനമ്പുകാട് ഔട്ടർ ബണ്ടിന്റെയും റിംഗ് റോഡിന്റെയും നിർമ്മാണത്തിന് 17.14 കോടി രൂപ അനുവദിച്ചു. 12.10 കോടി രൂപയുടെ പ്രവർത്തികൾ തീർക്കാൻ സോയിൽ ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ടിന് യോജിച്ച ഫൗണ്ടേഷൻ ഡിസൈൻ പരിഗണനയിലാണ്. മുളവുകാട് ഹോസ്പിറ്റൽ ബോട്ട് ജെട്ടിക്കും പോഞ്ഞിക്കര ബോട്ട് ജെട്ടിക്കുമായി ഒരു കോടി രുപയുടെ ടെൻഡർ നടപടിയായി.
പദ്ധതികൾ
എളങ്കുന്നപ്പുഴ ആർ എം പി തോടിന്റെ ആഴം കൂട്ടുന്നതിനും പാർശ്വ ഭിത്തിക്കുമായി 19.50 കോടി രൂപ
തീര ശോഷണം തടയുന്നതിനായി പള്ളിപ്പുറം, കുഴുപ്പിള്ളി, എടവനക്കാട് പഞ്ചായത്തുകളിൽ 65.53 ലക്ഷം
ജിയോ ബാഗ് താത്കാലിക സംരക്ഷണ ഭിത്തിക്ക് 10.31 ലക്ഷം
തീരശോഷണം തടയുന്നതിന് 33.28 ലക്ഷം
ഓപ്പറേഷൻ വാഹിനിയിൽ നായരമ്പലത്ത് 14 ലക്ഷം