kothamangalam
കോതമംഗലം പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷനിൽ നിന്ന് മലിനജലം പുറത്തേയ്ക്ക് ഒഴുകുന്നു

കോതമംഗലം: കോതമംഗലം നഗരത്തിലെ ഏറ്റവും തിരക്കേറിയ ഭാഗമായ പ്രൈവറ്റ് ബസ് സ്റ്റാൻഡിലേക്ക് പൊതുശൗചാലയ ടാങ്കിൽ നിന്നുള്ള മലിനജലം ഒഴുകാൻ തുടങ്ങിയി​ട്ട് വർഷങ്ങളായിട്ടും യാതൊരു നടപടിയും എടുക്കാതെ അധികൃത‌ർ. ബസ് സ്റ്റാൻഡിന്റെ പ്രവേശന കവാടത്തിൽ പുതിയ ടാങ്ക് നിർമ്മിച്ചെങ്കിലും നിലവിൽ ഉണ്ടായിരുന്ന ടാങ്കിലെ ചോർച്ച അടയ്ക്കുവാനോ കുഴി മുടിക്കളയുവാനോ തയ്യാറാകാത്തതാണ് പ്രധാന പ്രശ്നം. സ്ത്രീകൾക്കായി പ്രത്യേകം ശൗചാലയം നിർമ്മിച്ചുവെങ്കിലും അതിന് പൂട്ട് വീണിട്ട് വർഷങ്ങളായി. നല്ല മഴയുള്ള സമയത്ത് സ്റ്റാൻഡിലൂടെ ഒഴുകിയെത്തുന്ന ഈ മലിന ജലത്തിലൂടെയാണ് വിദ്യാർത്ഥികളടക്കം നൂറുകണക്കിന് യാത്രക്കാർ കടന്ന് പോകുന്നത്. ടാങ്കിന്റെ സ്ലാബിന് ഇടയിലൂടെ പുറത്തേക്ക് ഒഴുകി കെട്ടിക്കിടക്കുന്ന മലിനജലത്തിൽ നിറയെ കൂത്താടികളാണ്. ഡെങ്കിപ്പനിയും എലിപ്പനിയും മഞ്ഞപ്പിത്തവും പടർന്ന് പിടിക്കുമ്പോഴാണ് നൂറുകണക്കിന് ആളുകൾ മലിനജലത്തിൽ ചവിട്ടി കടന്ന് പോകുന്നത്. അടിയന്തിരമായി മലിനജലം ഒഴുകുന്നതും കെട്ടിക്കിടക്കുന്നതും ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് ബസ് സ്റ്റാൻഡിലെ വ്യാപാരികളുടെയും യാത്രക്കാരുടെയും ആവശ്യം.