
കൊച്ചി: പെരിയാറിലെ മത്സ്യക്കുരുതി രാസമാലിന്യം മൂലമല്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്‌താവന സാമാന്യബുദ്ധിയെ പരിഹസിക്കുന്നതാണെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി ആരോപിച്ചു. പരിസ്ഥിതി വകുപ്പിന്റെ ചുമതല അദ്ദേഹം ഒഴിയണമെന്ന് ഐക്യവേദി ആവശ്യപ്പെട്ടു. ഉത്തരവാദിത്വത്തിൽ നിന്നൊഴിയാൻ മലിനീകരണ നിയന്ത്രണ ബോർഡ് ഉന്നയിച്ച വാദങ്ങൾ മുഖ്യമന്ത്രി ആവർത്തിക്കുകയാണ്. ഫിഷറീസ് സർവകലാശാലയും ഫിഷറീസ് വകുപ്പും നൽകിയ റിപ്പോർട്ടുകളും അവഗണിച്ചു. വ്യവസായ ലോബിയുടെ വാദങ്ങൾ ആവർത്തിക്കുക മാത്രമാണ് മുഖ്യമന്ത്രി ചെയ്യുന്നത്. ഫിഷറീസ് വകുപ്പ് ശുപാർശ ചെയ്‌ത 13.55 കോടി രൂപയുടെ നഷ്ടപരിഹാരം നിഷേധിക്കാനാണ് ശ്രമമെന്ന് ഐക്യവേദി പ്രസിഡന്റ് ചാൾസ് ജോർജ് പ്രസ്‌താവനയിൽ പറഞ്ഞു.