
പറവൂർ: പറവൂർ, വൈപ്പിൻ മേഖലയിൽ സ്വകാര്യ ബസ് തൊഴിലാളികൾ ഇന്ന് നടത്താനിരുന്ന പണിമുടക്ക് പിൻവലിച്ചു. എ.ഡി.എം ആശ സി. എബ്രഹാമുമായി തൊഴിലാളി യൂണിയൻ പ്രതിനിധികൾ നടത്തിയ ചർച്ചയിലാണ് തീരുമാനം. പൊലീസ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ തൊഴിലാളി ദ്റോഹ നടപടികളിൽ പ്രതിഷേധിച്ചാണ് പ്രൈവറ്റ് ബസ് തൊഴിലാളി കോ- ഓഡിനേഷൻ പറവൂർ - വൈപ്പിൻ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പണിമുടക്ക് പ്രഖ്യാപിച്ചത്. ജില്ലാ കളക്ടർ, ആർ.ടി.ഒ, അസി.പൊലീസ് കമ്മീഷണർ എന്നിവരുമായി യൂണിയൻ നേതൃത്വം ഒരാഴ്ചക്കുള്ളിൽ ചർച്ച നടത്തും. അതുവരെ തൊഴിലാളികളെ ബുദ്ധിമുട്ടിക്കുന്ന പൊലീസ് നടപടികൾ ഉണ്ടാകില്ലെന്ന ഉറപ്പിൻമേലാണ് സമരം പിൻവലിച്ചത്. കെ.കെ. കലേശൻ, എം.ജെ. രാജു, കെ.എ. അജയകുമാർ, അഷിങ്ങ് ഷാൽ, ബിജു തൃപ്പൂണിത്തുറ, ഒ.ബി. അഭിലാഷ് എന്നിവർ പങ്കെടുത്തു.