മൂവാറ്റുപുഴ: മലങ്കര ഡാമിന്റെ ജലനിരപ്പ് 36.9 മീറ്ററായി നിജപ്പെടുത്തണമെന്ന് മൂവാറ്റുപുഴ താലൂക്ക് ഉപഭോക്തൃ സമിതി യോഗം ആവശ്യപ്പെട്ടു. മലങ്കര ഡാമിന്റെ ജലനിരപ്പ് 2020 മുതൽ മൺസൂൺ മാസങ്ങളിൽ ( ജൂൺ മുതൽ സെപ്റ്റംബർ വരെ ) 39.5 മീറ്ററായി എം .വി .ഐ .പി നിജപ്പെടുത്തി.ഇതുമൂലം ഡാം നിറയുമ്പോഴുള്ള അധികജലം കൊണ്ടുള്ള വെള്ളപ്പൊക്കം മുവാറ്റുപുഴയിൽ ഒഴിവാക്കാനായി. ഡാമിന്റെ ജലനിരപ്പ് സ്പിൽവേ ലെവൽ ആയ 36.9 മീറ്ററാക്കുകയാണെങ്കിൽ ഉരുൾപൊട്ടൽ, മേഘവിസ്ഫോടനം മുതലായ പ്രകൃതി ക്ഷോഭങ്ങളിൽ കൂടുതൽ കാര്യക്ഷമമായി വെള്ളപ്പൊക്ക നിയന്ത്രണം സാദ്ധ്യമാകും.ഡോ. മാത്യു കുഴൽനാടൻ എം എൽ എ യുടെ ശ്രമഫലമായി 2022 മാർച്ച് മാസം 2 ന് ജലവിഭവ വകുപ്പ് മന്ത്രിയുടെ ചേംബറിൽ ഇതിനുവേണ്ടി ബന്ധപ്പെട്ടവരുടെ ഒരു യോഗം ചേർന്നു.കുടിവെള്ളവിതരണത്തിനായി കാഞ്ഞാറിൽ തടയണ നിർമിച്ചാൽ മലങ്കര ഡാമിന്റെ ജലനിരപ്പ് 36.9 മീറ്ററാക്കാൻ സാധിക്കുമെന്ന് യോഗം വിലയിരുത്തി. 2022 ജൂണിന് മുമ്പ് ആ പ്രവർത്തി പൂർത്തീകരിക്കുവാനുള്ള ചുമതല വാട്ടർ അതോറിട്ടി ഏല്പിക്കുകയും ചെയ്തു.
എന്നാൽ കേരള വാട്ടർ അതോറിറ്റി ഇതുവരെ തടയണ നിർമ്മിച്ചിട്ടില്ല. മൂവാറ്റുപുഴയിൽ ഇനിയുമൊരു പ്രളയം ഉണ്ടാകാതിരിക്കുവാൻ തടയണയുടെ നിർമ്മാണം വേഗത്തിൽ പൂർത്തീകരികരിക്കേണ്ടതുണ്ടെന്ന് ഉപഭോക്തൃ സമിതി നിർദ്ദേശിച്ചു. ഇക്കാര്യത്തിൽ സർക്കാരിന് നിവേദനം നൽകുവാൻ യോഗം തീരുമാനിച്ചു. പ്രസിഡന്റ് അഡ്വ ടോം ജോസ് അദ്ധ്യക്ഷത വഹിച്ചു . ഭാരവാഹികളായ രാജീവ് നായർ, ഡോ. രവീന്ദ്രനാഥകമ്മത്,സുരേഷ്‌കുമാർ എന്നിവർ സംസാരിച്ചു.