കൊച്ചി: നഗരത്തിൽ കുടിവെള്ളം കണക്ഷന് അപേക്ഷ ലഭിച്ച 6000 കുടുംബങ്ങളിൽ 4354 കുടുംബങ്ങൾക്ക് സൗജന്യ കണക്ഷൻ നൽകിയതായി മേയർ. നഗരസഭയുടെ എല്ലാ മേഖലകളിലും സൗജന്യ കണക്ഷൻ നൽകുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. കോർപ്പറേഷൻ നടപ്പിലാക്കി വരുന്ന അമൃത് പദ്ധതികളുടെ പുരോഗതി വിലയിരുത്താൻ ചേർന്ന യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. എളംകുളത്ത് സ്ഥാപിക്കാനുദ്ദേശിക്കുന്ന 5 എം.എൽ.ഡി എസ്.ടി.പിയും 40 കിലോമീറ്റർ വിതരണ ശൃംഖലയും ഉൾപ്പെടുന്ന 185 കോടിയുടെ പദ്ധതിയുടെ ടെൻഡർ നടപടികൾ വാട്ടർ അതോറിറ്റി ആരംഭിച്ചെങ്കിലും തുടർനടപടികൾ നിറുത്തിവച്ചിരിക്കുകയാണ്. ഇത് ഉടൻ തുടങ്ങണം.

തീരുമാനങ്ങൾ

#ഫോർട്ടുകൊച്ചി തുരുത്തിയിൽ പുനരധിവാസത്തിനായി നിർമ്മാണം നടക്കുന്ന ഫ്ലാറ്റിലേക്കും ഫോർട്ടുകൊച്ചി ആശുപത്രിയിലേക്കും കുടിവെള്ളമെത്തിക്കും

#കുന്നുംപുറത്ത് തുടർച്ചയായി പൊട്ടുന്ന ജലവിതരണ പൈപ്പുകൾ മാറ്റി സ്ഥാപിക്കും

# കലൂരിൽ പണികഴിപ്പിച്ച 40ലക്ഷംലിറ്റർ ഉന്നതതല സംഭരണിയിലേക്കുളള വെള്ളം കൊണ്ടുവരുന്ന പൈപ്പുലൈനിന്റെ വർക്ക് ആരും കരാർ ഏറ്റെടുക്കാത്തതിനാൽ ആവശ്യമായ നടപ‌ടികൾക്കായി വാട്ടർ അതോറിട്ടിക്ക് നിർദ്ദേശം

# നടക്കാനുള്ള റോഡ് കട്ടിംഗും റോഡ് റീസ്റ്റോറേഷനും മഴക്കാലത്തിനുശേഷം ആരംഭിക്കും.

#കൊച്ചിയിലെ പൈപ്പുലൈനുകൾ സംബന്ധിച്ച് വിശദമായ മാപ്പ് തയ്യാറാക്കും
# നിലവിൽ റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള എളംകുളം മേഖലയിലെ കക്കൂസ് മാലിന്യശൃംഖല ഇതുവരെ ആരംഭിക്കാത്തതിനാൽ ഗിരിനഗർ, പനമ്പള്ളി നഗർ, കടവന്ത്ര, രവിപുരം, എറണാകുളം സൗത്ത്, ഗാന്ധിനഗർ എന്നീ മേഖലകളിലുളള ശൃംഖലയിൽ ഉൾപ്പെടുത്തണമെന്നും ഇതു സംബന്ധിച്ച് വാട്ടർ അതോറിറ്റി എം.ഡിക്ക് കത്ത് നൽകുവാനും തീരുമാനിച്ചു.