കോതമംഗലം: സ്വാശ്രയ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഒ.ഇ.സി വിഭാഗം വിദ്യാർത്ഥികളുടെ ഗ്രാൻഡ് കുടിശിക ഉടൻ നൽകണമെന്ന് ചവളർ സൊസൈറ്റി. ഗ്രാൻഡ് ലഭിക്കാത്തതിനെ തുടർന്ന് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾ ഫീസ് അടയ്ക്കാനാവാത്ത അവസ്ഥയിലാണ്. ഇതിന് ഉടൻ പരിഹാരം കാണണമെന്ന് ശ്രീരാമവിലാസം ചവളർ സൊസൈറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.കെ. അശോകൻ ആവശ്യപ്പെട്ടു. പിണ്ടിമന ശാഖ കുടുംബ സംഗമവും വിദ്യാഭ്യാസ അവാർഡ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാഖാപ്രസിഡന്റ് പി.കെ. സുബ്രഹ്മണ്യൻ അദ്ധ്യക്ഷനായി. ബിന്ദു വിജയൻ, കെ.എസ്. ഗിരീഷ്, ആർ. ശ്രീകാന്ത്, രജനി മനോജ്, കെ.കെ. സജീവ് തുടങ്ങിയവർ സംസാരിച്ചു.