
പറവൂർ: നേരിട്ട ഓരോ പ്രതിസന്ധിയും പടവുകളാക്കി ഭൂമിക ഇന്ത്യൻ ജൂനിയർ വോളിബാൾ ടീമിൽ ഇടംനേടി. ഇന്ത്യൻ ആർമിയിൽ ചേരുകയെന്ന ഭൂമികയുടെ സ്വപ്നം ഇതോടെ യാഥാർത്ഥ്യമാകും. ബാംഗ്ളൂരിലെ സായ് ക്യാമ്പിൽ ഒരു വർഷത്തെ പരിശീലനത്തിന് ശേഷമാണ് ഏഷ്യൻ ജൂനിയർ വിമൺസ് ചാമ്പ്യൻഷിപ്പ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഈ മാസം 16 മുതൽ 23 വരെ തായ്ലാന്റിലാണ് മത്സരം. ആറടിയിലധികം ഉയരമുള്ള ഭൂമിക പ്രതിരോധ നിരയിൽ മിഡിൽ ബ്ളോക്കറായി കളിക്കും. കേരളത്തിൽ നിന്നുള്ള ഏകതാരമാണ്. പറവൂർ വലിയപഴമ്പിള്ളിത്തുരുത്ത് അപ്പച്ചാത്ത് പരേതനായ രാംലാലിന്റെയും ലൈജിയുടെയും മകളാണ്. വാഹനങ്ങളുടെ ടയർ പണികൾ ചെയ്തിരുന്ന പിതാവ് മൂന്ന് വർഷം മുമ്പ് മരിച്ചു. കരിമ്പാടം ഡി.ഡി. സഭ ഹൈസ്കൂളിൽ അഞ്ചാം ക്ളാസിൽ ചേർന്നപ്പോളാണ് വോളിബാളിൽ താത്പര്യം തോന്നിയത്. വൈകാതെ ജെഴ്സിയണിഞ്ഞു. കായിക അദ്ധ്യാപകനായ ബിജുവാണ് ആദ്യ പരിശീലകൻ.